കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 500 ദിവസങ്ങൾ. പ്രവർത്തനം ഉടൻ ആരംഭിക്കണം എന്ന് പാർട്ടി പ്രവർത്തകരോടും സന്നദ്ധപ്രവർത്തകരോടും ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ ആഹ്വാനം ചെയ്തു.
പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കൈ മെയ് മറന്നു പ്രവർത്തിച്ച പാർട്ടി ഭാരവാഹികളുടെയും പ്രവർത്തകരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് 500 ദിവസങ്ങൾ ബാക്കിയുണ്ട്.ഇതിനെല്ലാം അടിസ്ഥാനം ഫീൽഡ് വർക്കാണ്. നമ്മുടെ ഓരോ സന്നദ്ധപ്രവർത്തകരും ഫീൽഡിൽ ഉണ്ടായിരിക്കണം. ഫീൽഡിൽ സദാസമയവും ജോലി ചെയ്യാൻ നമ്മൾ എല്ലാവരും നിർബന്ധിതരാകും.
വോട്ടർ പട്ടിക പരിശോധിക്കുക. വിട്ടുപോയവയെ ബന്ധിപ്പിക്കുക. വിലാസം മാറ്റം കണ്ടെത്തി പട്ടികയിൽ ചേർക്കണം. മരിച്ചവരെ നീക്കം ചെയ്യണം. വോട്ടില്ലാത്തവർക്ക് വോട്ട് നൽകണം. ബൂത്ത് ലെവൽ കമ്മിറ്റികൾ സ്ഥിരമായി നിലനിർത്തണം. ഓരോ വാർഡിലും എത്ര വോട്ട് വീഴുമെന്ന് പഠിക്കണം. സപ്പോർട്ടർമാർ, ന്യൂട്രലുകൾ, പ്രോസ്പെക്ടർമാർ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ഫീൽഡ് വർക്ക് ചെയ്യേണ്ടത്. ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്തണം. കേന്ദ്രസർക്കാർ പദ്ധതികൾ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരിലേക്കും എത്തിക്കണം. ഓരോ പ്രദേശത്തിനും ബൂത്ത് ഇൻചാർജുകളെ നിയമിക്കണം. എല്ലാ പ്രദേശങ്ങളും പ്രയോജനപ്പെടുത്തണം. പാർട്ടിക്ക് വേണ്ടിയുള്ള അടിസ്ഥാന ഘടനാപരമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. അടിസ്ഥാന ഘടന മെച്ചപ്പെടുത്തുന്നതിലാണ് ഒരു പാർട്ടിയുടെ വളർച്ച. എല്ലാ പാർട്ടി നേതാക്കളും അത് പഠിക്കണം. അതിനുള്ള അവസരം ഞാൻ ഒരുക്കും; പ്രയോജനപ്പെടുത്തണം.” കെ അണ്ണാമലൈ പറഞ്ഞു .
“നിലവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ദ്രുതഗതിയിലാണ് നടക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂരിലെ പാർട്ടി പ്രവർത്തകരും അവിടെ പോയി പ്രചാരണം നടത്തണം. ഇതിലൂടെ അവർ എങ്ങനെയാണ് അവിടെ പാർട്ടി പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നടത്തുന്നത്. “ഫീൽഡ് വർക്ക് എങ്ങനെയാണ് നടത്തുന്നത്; ഏത് നടപടിക്രമമാണ് പിന്തുടരുന്നത്, എങ്ങനെ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് കണ്ടെത്താനാകും.അത് നമുക്കിവിടെയും ഉപയോഗിക്കാം. നേതാക്കളും പ്രവർത്തകരും വോട്ടർമാരോട് എങ്ങനെ സംസാരിക്കുന്നു; അവർ എങ്ങനെ പെരുമാറുന്നുവെന്ന് നമുക്ക് അറിയേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.
പാർട്ടി ഭാരവാഹികളുടെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകരുടെയും യോഗം കോയമ്പത്തൂർ അവിനാസി റോഡിലുള്ള രത്ന റീജൻ്റ് ഹോട്ടലിൽ വെച്ചാണ് കൂടിയത്. ബിജെപി ദേശീയ സമിതി അംഗം സെൽവകുമാർ സ്വാഗതം പറഞ്ഞു.
യോഗത്തില് അധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത വളണ്ടിയർമാർക്കും കാര്യകർത്താക്കൾക്കും നന്ദി രേഖപ്പെടുത്തി.