ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷ്യൽ ടാസക് ഫോഴ്സിന്റെ പിടിയിലായത്. ജനങ്ങളിൽ വിദ്വേഷം നിറയ്ക്കുന്നതും, ദേശവിരുദ്ധത ശക്തിപ്പെടുത്തുന്നതുമായ ഉള്ളടക്കമായിരുന്നു വീഡിയോയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് യോഗി ആദിത്യനാഥിന്റെ പേരിൽ ഡീപ്ഫേക്ക് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. shyamguptarpswa എന്ന എക്സ് അക്കൗണ്ടിലൂടെയായിരുന്നു ദേശവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്യാം ഗുപ്ത പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണ ക്വാട്ട നിർത്തലാക്കണമെന്ന് അമിത് ഷാ പറയുന്ന വ്യാജ വീഡിയോയാണ് പ്രചരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.