ബെംഗളൂരു: ആടുകളെ മേയ്ക്കുമ്പോൾ ഇടിമിന്നൽ ഇടയസ്ത്രീയും 48 ആടുകളും മരിച്ചു. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഹൊസ്കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഗണഗലു സ്വദേശി രത്നമ്മ(55)യാണ് മരിച്ചത്. ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മിന്നലേറ്റത്. സംഭവത്തിൽ ആകെ 48 ആടുകൾ ചത്തതായി കണക്കാക്കുന്നു . തിരുമലഷെട്ടി ഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രത്നമ്മയ്ക്ക് ഭർത്താവും രണ്ട് ആൺമക്കളുമുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ സാമാന്യം പരക്കെ മഴ ലഭിച്ചു.
ബംഗളൂരു റൂറൽ ജില്ലാ ഭരണകൂടം രത്നമ്മയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തുകയിൽ നാല് ലക്ഷം രൂപ ശനിയാഴ്ച നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അടുത്ത രണ്ട് ദിവസത്തേക്ക് നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.