ഗാന്ധിനഗർ: കരിമ്പിൻ ജ്യൂസിൽ പൊട്ടാസ്യം സയനൈഡ് കലർത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 52-കാരൻ അറസ്റ്റിൽ. ഗുജറാത്തിലാണ് ദാരുണ സംഭവം. 52-കാരൻ ചേതൻ സോണിയുടെ ഭാര്യ ബിന്ദു, പിതാവ് മനോഹർലാൽ എന്നിവരാണ് മരിച്ചത്. മകൻ ആകാശ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസ് സംഘം വീട്ടിലെത്തി പരിശോധ നടത്തുന്നതിനിടെ ചേതനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഭാര്യയുടെ സഹോദരൻ നൽകിയ പരാതിയിലാണ് സംഭവത്തിന്റെ ചുരുഴിഞ്ഞത്. മെറ്റൽ പോളിഷറാണ് ചേതൻ. ഇയാൾ വൻ കടബാധ്യതയിലായിരുന്നുവെന്നും മനോവിഷമത്തെ തുടർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചേതന്റെ പിതാവ് മനോഹർലാൽ മരണപ്പെട്ടത്. പിറ്റേന്ന് ഭാര്യ ബിന്ദുവും വീട്ടിൽ മരണത്തിന് കീഴടങ്ങി. എന്നാൽ മകൻ ആകാശിനെ ഇയാൾ ആശുപത്രിയിലെത്തിക്കുകയും കുടുംബാംഗങ്ങൾക്ക് വിഷം നൽകിയത് ഭാര്യയാണെന്ന് ഡോക്ടർമാരോട് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ആശുപത്രി അധികൃതരാണ് പൊലാസിൽ ബന്ധപ്പെട്ടത്. തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെയാണ് ചേതൻ വിഷം കഴിച്ചത്. നേരത്തെയും ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ചേതൻ ശ്രമിച്ചിരുന്നുവെന്ന് ബിന്ദുവിന്റെ കുടുംബം ആരോപിക്കുന്നു.