ന്യൂഡൽഹി: സ്ഥിരമായി വെള്ള ടീ ഷർട്ട് ധരിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെള്ള നിറത്തിലുള്ള ടീ ഷർട്ട് സുതാര്യമാണെന്നും ലാളിത്യത്തെ പ്രതിനിധീകരിക്കുന്നുവെന്നുമാണ് രാഹുൽ പറയുന്നത്. തങ്ങളുടെ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമിൽ കോൺഗ്രസ് പങ്കുവച്ച വീഡിയോയിലാണ് രാഹുൽ ഇപ്രകാരം പറയുന്നത്.
കർണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ദിവസം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലൈറ്റ് റാപ്പിഡ് ഫയർ ചോദ്യങ്ങളെന്നാണ് വീഡിയോയിൽ ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വന്തം പ്രത്യയശാസ്ത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ നിങ്ങൾക്ക് ഒരിക്കലും ഒരു സംഘടനയെന്ന നിലയിൽ അധികാരത്തിൽ തുടരാനാകില്ലെന്നാണ് രാഹുൽ പറയുന്നത്. പാവപ്പെട്ടവരേയും സ്ത്രീകളേയുമെല്ലാം ഒരുപോലെ പരിഗണിക്കുന്ന കോൺഗ്രസ് പ്രത്യയശാസ്ത്രം ജനങ്ങളെ ബോധ്യപ്പെടുത്തണം. ദേശീയ തലത്തിൽ എല്ലായ്പ്പോഴും പോരാട്ടം നടക്കുന്നത് പ്രത്യയശാസ്ത്രങ്ങൾ തമ്മിലാണെന്നാണ് രാഹുൽ പറയുന്നത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിന്റെ വെള്ള ടീ ഷർട്ട് ചർച്ചയായതിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. സുതാര്യതയും ലാളിത്യവുമാണ് വെള്ള ടീ ഷർട്ട് തെരഞ്ഞെടുക്കാനുള്ള കാരണമായി രാഹുൽ പറയുന്നത്. തനിക്ക് എപ്പോഴും ലളിതമായി ഇരിക്കാനാണ് ഇഷ്ടം. വസ്ത്രങ്ങളുടെ കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കാറില്ലെന്നും രാഹുൽ പറയുന്നു.