മുംബൈ: വാങ്കഡെയിൽ ആദ്യം ഹൈദരാബാദിന് കൂച്ചുവിലങ്ങിട്ട മുംബൈ രണ്ടാം ഇന്നിംഗ്സിൽ ഹൈരാബാദ് ബൗളർമാരെ നിലംപരിശാക്കി. ടോസ് നേടി എതിരാളികളെ ബാറ്റിംഗിന് വിട്ട ഹാർദിക്കിന്റെ തീരുമാനം മുംബൈ ബൗളർമാർ കൃത്യമായി നടപ്പാക്കുന്നതാണ് കണ്ടത്.ഹൈദരാബാദ് ബൗളിംഗ് നിരയെ നിശ്ചിത ഓവറിൽ 173 റൺസിന് ഒതുക്കാൻ മുംബൈക്ക് കഴിഞ്ഞു. ചോരുന്ന കൈകൾ ഇല്ലായിരുന്നുവെങ്കിൽ ഇതിലും ചെറിയ വിജയലക്ഷ്യമാകുമായിരുന്നു.
തകർച്ചയോടെ തുടങ്ങിയ മുംബൈയെ സീസണിലെ ആദ്യ സെഞ്ച്വറിയോടെ തോളേറ്റിയ സൂര്യകുമാർ യാദവാണ് കരയ്‌ക്കടുപ്പിച്ചത്. 51 പന്തിൽ 102* റൺസാണ് താരം അടിച്ചെടുത്തത്. 6 കൂറ്റൻ സിക്സും 12 ബൗണ്ടറികളും സൂര്യകുമാറിന്റെ ബാറ്റിൽ നിന്നു പിറന്നു. ഉറച്ച പിന്തുണ നൽകിയ തിലക് വർമ്മ 32 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. 82 പന്തിൽ 143 റൺസാണ് മൂന്നാ വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. 16 പന്ത് ബാക്കി നിൽക്കെയാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.
ഒപ്പണർമാരടക്കം മൂന്നുപേർ മുബൈ നിരയിൽ രണ്ടക്കം കണ്ടില്ല. ഇഷാൻ കിഷൻ(9), രോഹിത് ശർമ്മ(4),നമൻ ധിർ(0) എന്നിവരാണ് പുറത്തായത്.നേരത്തെ ഓപ്പണർ ട്രാവിസ് ഹെഡ് (30 പന്തിൽ 48)മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. അവസാന ഓവറിൽ തകർത്തടിച്ച നായകൻ പാറ്റ് കമ്മിൻസാണ് (17 പന്തിൽ 35) ഹൈദരാബാദിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് മുംബൈ ബൗളിംഗിന്റെ നട്ടെല്ലായത്.