പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണെന്ന സൂചന കൂടി കിട്ടിയതോടെ ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മാസം 10-നാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. ദുബായിൽ നടക്കുന്ന ലോഞ്ച് ഇവന്റിലാണ് ട്രെയിലർ പുറത്തുവിടുക. പൃഥ്വിരാജാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ചിത്രത്തിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഒരു വിവാഹം നടത്തുന്നതിനിടെ നേരിടുന്ന കോലാഹലമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.