ലക്നൗ: അക്ഷയ തൃതീയയുടെ ശുഭദിനത്തിൽ ഗോരാഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച പ്രത്യേക പൂജകളിലും ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. രുദ്രാഭിഷേകം നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി അക്ഷയ തൃതീയ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും മഹത്തായ ഉത്സവമാണിത്. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെയെന്നും യോഗി ആദിത്യനാഥ് കുറിച്ചു.
മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളും ക്ഷേത്രത്തിൽ സജ്ജമാക്കിയിരുന്നു. അക്ഷയ തൃതീയ ദിനത്തിൽ നിരവധി പേരാണ് ക്ഷേത്ര ദർശനത്തിനെത്തിയത്. ഭക്തർക്ക് ദർശനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.