ഭുനേശ്വർ: ജൂൺ നാലിന് ഫലപ്രഖ്യാപനം വരുമ്പോൾ കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ അകറ്റി നിർത്തുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ ഫുൽഭാനിയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതോടെ കോൺഗ്രസ് വെറും 50 സീറ്റുകളിൽ ഒതുങ്ങിപ്പോവേണ്ടി വരും. ഇത്തവണ ഒഡീഷയിൽ ഡബിൾ എഞ്ചിൻ സർക്കാർ രൂപപ്പെടും. സംസ്കാരവും പൈതൃകവും മുറുകെ പിടിക്കുന്നവരാണ് ഒഡിഷക്കാർ. സംസ്ഥാനത്തിന്റെ സംസ്കാരം ഇല്ലാതാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ നയങ്ങളെ ജനങ്ങൾ ശക്തമായി എതിർക്കും.”- പ്രധാനമന്ത്രി പറഞ്ഞു.
അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ കാലത്ത് നടന്ന പൊഖ്റാൻ പരീക്ഷണങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റി കളഞ്ഞു. ഇന്ന് ഭാരതത്തെ ലോകം ഉറ്റുനോക്കുന്നു. രാജ്യത്തിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും എന്നാൽ കോൺഗ്രസ് അതിന് തടയിട്ട് ജനങ്ങളെ അന്ധകാരത്തിലേക്ക് നയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.