റാഞ്ചി: അയോദ്ധ്യയിൽ പ്രതിഷ്ഠിച്ച രാം ലല്ലയെ വീണ്ടും ടെന്റിലേക്ക് പറഞ്ഞയയ്‌ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതി വിധിയുണ്ടായിട്ടും കോൺഗ്രസ് നേതാക്കൾ അയോദ്ധ്യയെ കുറിച്ച് മോശമായ പ്രസ്താവനകളാണ് നടത്തുന്നത്. ഝാർഖണ്ഡിലെ ഗരിധിയിൽ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ ജെഎംഎമ്മും കോൺഗ്രസും അഴിമതിയുടെയും പ്രീണനത്തിന്റെയും കുടുംബവാഴ്ചയുടെയും ഉദാഹരണമാണ്. ഇതിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനാണ് എൻഡിഎ സർക്കാർ ശ്രമിക്കുന്നത്. വെല്ലുവിളികളെ നേരിടാൻ എൻഡിഎ സർക്കാരിന് അറിയാവുന്നതിനാലാണ് രാജ്യത്ത് നിന്ന് മാവോയിസത്തെ ഒരു പരിധി വരെ തുടച്ചുനീക്കിയത്. എൻഡിഎ സർക്കാർ മൂന്നാംതവണ അധികാരത്തിൽ വരുമ്പോൾ മാവോയിസവും ഭീകരവാദവും പൂർണമായും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഝാർഖണ്ഡിൽ ജെഎംഎമ്മിന്റെ കീഴിലുള്ള സർക്കാർ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ്. അവർ വനവാസി സ്ത്രീകളെ തട്ടിയെടുത്ത് അവരുടെ ഭൂമി സ്വന്തമാക്കി. കോൺഗ്രസിന്റെ നയങ്ങൾക്ക് ഒപ്പം ജെഎംഎം ഉൾപ്പെടെയുള്ള പാർട്ടികൾ സഞ്ചരിക്കുന്നത്. അഴിമതിക്കാരെ സമാധാനത്തോടെ ഉറങ്ങാൻ അനുവദിക്കില്ലെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീരിൽ ജനാധിപത്യത്തിന്റെ ഉത്സവം കൊണ്ടാടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.