തൃപ്പൂണിത്തുറ: അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മുങ്ങിയ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വാടക വീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളയുകയായിരുന്നു. 70 വയസുള്ള ഷണ്മുഖനെയാണ് മകൻ ഒരു ദിവസം മുഴുവൻ പട്ടിണിക്കിട്ട് കടന്നുകളഞ്ഞത്. സംഭവം വാർത്തയായതിനെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വാഗമണ്ണിലും വേളാങ്കണ്ണിയിലുമുൾപ്പെടെ പല സ്ഥലങ്ങളിലായി അജിത്ത് ഒളിവിൽ കഴിഞ്ഞിരുന്നതായാണ് വിവരം.
കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചതോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ തയ്യാറായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നത്. ഇപ്പോൾ മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം കൂടി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മകൻ ഉപേക്ഷിച്ച വാർത്ത പുറത്തുവന്നതോടെ മറ്റൊരു സഹോദരനെത്തി ഷണ്മുഖനെ ഏറ്റെടുത്തിരുന്നു. അതേസമയം ഇയാളുടെ രണ്ട് പെൺമക്കളും പിതാവിനെ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു.