ന്യൂഡൽഹി: മൂന്നാം തവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2019-ൽ കിട്ടിയതോ അതിനെക്കാൾ കൂടുതലോ സീറ്റ് ഇത്തവണ ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ആറാം ഘട്ട തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോഴും മുൻ തൂക്കം മോദിക്കാണെന്നും അദ്ദേഹം വിലയിരുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരം രാജ്യത്ത് എവിടെയും ഇല്ല. വടക്കു പടിഞ്ഞാറ് മേഖലകളിലാണ് എൻഡിഎ സഖ്യത്തിന് കൂടുതൽ സ്വാധീനം ഉണ്ടാകുന്നത്. ഇൻഡി സഖ്യത്തിന് സീറ്റുകൾ നേടാൻ കഴിയുന്നത് തെക്ക് കിഴക്ക് മേഖലകളിലാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. എൻഡിഎക്ക് തെക്കു കിഴക്ക് മേഖലകളിൽ വോട്ടിംഗ് ശതമാനം വർദ്ധിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില് വടക്കും പടിഞ്ഞാറുമുള്ള 90 ശതമാനം സീറ്റുകളും എൻഡിഎ സ്വന്തമാക്കിയിരുന്നു. ഇത്തവണയും ഇതിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ല. 272 സീറ്റുകൾ മോദിസർക്കാർ നിഷ്പ്രയാസം നേടും. അതിന് വെല്ലുവിളികൾ ഒന്നും തന്നെയില്ല. ജനുവരിയിൽ പറഞ്ഞത് തന്നെ ഞാൻ ഇപ്പോഴും ആവർത്തിക്കുകയാണ്. മോദി സർക്കാർ തന്നെയാണ് ഇത്തവണയും അധികാരത്തിലെത്തുന്നതെന്നും പ്രശാന്ത് കിഷോർ ഉറപ്പിച്ചു പറഞ്ഞു.
മോദി സെഞ്ച്വറി അടിക്കും. പ്രതിപക്ഷത്തിന്റെ നിലവാരമില്ലാത്ത ബോളിംഗും ഫീൽഡിംഗുമാണ് ഇതിന് കാരണം. രാജ്യ സുരക്ഷക്കും വികസനത്തിനുമാണ് മോദി സർക്കാർ പ്രാധാന്യം നൽകുന്നത്. ഇവയൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ നേട്ടവും. നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ നമ്മുടെ സ്ഥിതി ഗതികൾ മാറുമെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധി അധികാരത്തിലെത്തിയാൽ കാര്യങ്ങൾ കുറച്ച് കൂടി മെച്ചപ്പെടുമെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.