ബഹുഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്ന പഴവർഗങ്ങളിലൊന്നാണ് തണ്ണിമത്തൻ. ചുവന്ന് തുടുത്തിരിക്കുന്ന തണ്ണിമത്തൻ വേനൽക്കാലത്ത് നമുക്ക് ഒരാശ്വാസം തന്നെയായിരുന്നു. ജ്യൂസായി കുടിക്കാനും വെറുതെ കഴിക്കാനുമെല്ലാം തണ്ണിമത്തൻ നമുക്ക് ഇഷ്ടമായിരിക്കും. എന്നാൽ അമിതമായി തണ്ണിമത്തൻ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായേക്കാമെന്ന് നിങ്ങൾക്കറിയാമോ?
തണ്ണിമത്തനിൽ നിന്നുള്ള ഭക്ഷ്യവിഷബാധയ്‌ക്ക് രണ്ട് കാരണങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തണ്ണിമത്തന്റെ നിറവും രുചിയും വർദ്ധിപ്പിക്കാൻ കൃത്രിമ നിറങ്ങളും പഞ്ചസാര ലായനികളിൽ രാസപദാർത്ഥങ്ങൾ ചേർത്തതുമാണ് കുത്തിവയ്‌ക്കുന്നത്. ഇതിനുപുറമെ മനുഷ്യന്റെ ആരോഗ്യത്തെ ഹനിക്കുന്ന ധാരാളം ബാക്ടീരിയകൾ മണ്ണിൽ വളരുന്നതായി ശാസത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇവ തണ്ണിമത്തനിലും മണ്ണിനോട് ചേർന്ന് വളരുന്ന മറ്റ് പഴങ്ങളിലും ധാരാളമായി കാണപ്പെടാൻ സാധ്യതയുണ്ട്. ഇത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
തണ്ണിമത്തന് ചുവന്ന നിറം നൽകുന്നതിനായി എറിത്രോസിൻ പോലുള്ള രാസപദാർത്ഥങ്ങളാണ് ചേർക്കുന്നത്. ഇത് ദഹനപ്രശ്‌നങ്ങൾക്കും, കാൻസർ പോലുള്ള രോഗങ്ങളിലേക്കും വഴിവയ്‌ക്കുന്നു. മണ്ണിൽ കാണപ്പെടുന്ന ലിസ്റ്റീരിയ പോലുള്ള ബാക്ടീരിയകൾ ഗർഭിണികളെ ദോഷകരമായി ബാധിച്ചേക്കാം. ഇതിനുപുറമെ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയയാണ് സാൽമൊണല്ല. ഇത് പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകുന്നു. അതിനാൽ തണ്ണിമത്തനോ അല്ലെങ്കിൽ മണ്ണിനോട് ചേർന്ന് വളരുന്ന മറ്റ് പഴവർഗങ്ങളോ കഴിക്കുന്നതിന് മുമ്പായി ഒരു പാത്രം വെള്ളത്തിൽ വിനാഗിരി ഒഴിച്ച ശേഷം അൽപനേരം തണ്ണിമത്തൻ ഇതിൽ മുഴുവനായി മുക്കി വയ്‌ക്കുക. പുറംതോട് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.