ഉദയ്പുർ: ഇൻസ്റ്റഗ്രാമിൽ റീലെടുക്കാൻ പാറമടയിലെ തടാകത്തിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. 150 അടി ഉയരത്തിൽ നിന്നും തടാകത്തിലേക്ക് ചാടിയ ഇയാൾ മുങ്ങി മരിക്കുകയായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഉദയ്പൂർ സ്വദേശി ദിനേശ് മീണയാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ റീൽ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ദിനേശിന്റെ സുഹൃത്തുക്കളിൽ ഒരാൾ കാൽ വഴുതി പാറമടയിലെ തടാകത്തിനുള്ളിലേക്ക് വീണിരുന്നു. എന്നാൽ ഇയാൾ അവിടെ നിന്നും സുരക്ഷിതമായി തിരിച്ചെത്തി. ഇതിനുപിന്നാലെ ദിനേശ് 150 അടി ഉയരത്തിൽ നിന്നും വെള്ളത്തിലേക്ക് ചാടി.
ഏറെ നേരമായിട്ടും ഇയാളെ കാണാത്തതിനെത്തുടർന്ന് പരിഭ്രാന്തരായ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ 3 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ദിനേശിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിന്റെ വീട്ടുകാരെ വിവരമറിയിച്ച പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.