മോസ്കോ: മുൻ അംഗരക്ഷകനും തന്റെ സഹായിയുമായ അലക്സി ദ്യുമിനെ റഷ്യൻ രാഷ്ട്രത്തലവന്റെ ഉപദേശക സമിതിയായ സ്റ്റേറ്റ് കൗൺസിലിന്റെ സെക്രട്ടറിയായി നിയമിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. അഞ്ചാം തവണയും പ്രസിഡൻ്റായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ നിയമനങ്ങളിലാണ് തന്റെ പ്രിയപ്പെട്ട അംഗരക്ഷകന് സ്ഥാനക്കയറ്റം പുടിൻ നൽകിയത്.
1999 മുതൽ പുടിന്റെ വ്യക്തിഗത സുരക്ഷാ വിഭാഗത്തിൽ അലക്സി ദ്യും സേവനമനുഷ്ഠിച്ച് വരുന്നു. പുടിന്റെ ഏറ്റവും വിശ്വസ്തരായ അംഗരക്ഷകരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരിക്കൽ കരടിയുടെ ആക്രമണത്തിൽ നിന്നും സ്വന്തം ജീവൻ പോലും നോക്കാതെ പുടിനെ രക്ഷിച്ച വ്യക്തി കൂടിയാണ് അലക്സി. പുടിനോടൊപ്പം ഐസ് ഹോക്കി കളിക്കുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ദ്യുമിനും ഉൾപ്പെടുന്നു.
റഷ്യയുടെ GRU മിലിട്ടറി ഇൻ്റലിജൻസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഡിവിഷന്റെ ഉപമേധാവിയായിരുന്നു അലക്സി ദ്യും. 2014-ൽ ക്രിമിയ യുക്രെയ്നിൽ നിന്ന് പിടിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മുൻ ഉപപ്രതിരോധ മന്ത്രി കൂടിയായിരുന്നു അദ്ദേഹം. ദീർഘകാല സഖ്യകക്ഷിയായ സെർജി ഷോയിഗുവിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഡ്യൂമിന് സ്ഥാനക്കയറ്റം.