ടി20 ലോകകപ്പ് സന്നാഹമത്സരത്തിൽ അട്ടിമറി ജയവുമായി നെതർലൻഡ്‌സ്. ശ്രീലങ്കയെ 20 റൺസിന് തോൽപ്പിച്ചാണ് ഡച്ചുപ്പട ലോകകപ്പിലെ തുടക്കം ഗംഭീരമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്‌സ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 18 ഓവറിൽ ലങ്കയെ പുറത്താക്കിയാണ് ഡച്ച് ബൗളർമാർ കരുത്ത് കാട്ടിയത്. ഓറഞ്ച് പടയ്‌ക്ക് വേണ്ടി മിഖായേൽ ലെവിറ്റ് 28 പന്തിൽ നിന്ന് 55 റൺസ് നേടി. സ്‌കോർട്ട് എഡ്വേർഡ് 12 പന്തിൽ നിന്ന് 27 റൺസും നേടി. ലങ്കയ്‌ക്ക് വേണ്ടി ദിൽഷൻ മധുശങ്ക 2 വിക്കറ്റ് നേടി.
നായകൻ വനിന്ദു ഹസരങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറർ. 15 പന്തിൽ നിന്ന് 43 റൺസാണ് കണ്ടെത്തിയത്. ദാസുൻ ശനക(35), ധനനജ്ഞയ ഡി സിൽവ(31) എന്നിവരാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പ്രകടനം നടത്തിയവർ. 1.5 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ആര്യൻ ദത്താണ് ലങ്കയെ തകർത്തത്. കെയ്ൽ ക്ലീൻ 2 വിക്കറ്റും വീഴ്‌ത്തി.
ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തകർത്തത് പോലെയുള്ള അട്ടിമറികൾ ഈ ലോകകപ്പിലും ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ലങ്കക്കെതിരായ ജയം. ഇന്ന് നടന്ന മറ്റൊരു സന്നാഹ മത്സരത്തിൽ നമീബിയയെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി. ഡേവിഡ് വാർണർ തകർത്തടിച്ചതോടെ ഓസീസ് 10 ഓവറിൽ വിജലക്ഷ്യം മറികടന്നു. 21 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് വാർണർ 54 റൺസ് അടിച്ചെടുത്തത്.