ന്യൂഡൽഹി: രാജ്യത്ത് സിഎഎ പ്രകാരം പൗരത്വം നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ അർഹരായവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബംഗാളിൽ സിഎഎ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മമതയ്‌ക്ക് തിരിച്ചടി നൽകി സംസ്ഥാനത്ത് സിഎഎ നടപ്പിലാക്കിയത്. ബംഗാളിൽ സിഎഎ പ്രകാരം പൗരത്വസർട്ടിഫിക്കറ്റ് കൈമാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന് ലഭിച്ച ആദ്യ സെറ്റ് അപേക്ഷകളുടെ കാര്യത്തിലാണ് തീരുമാനമായത്.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2024 മാർച്ച് 11 വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ശേഷം മെയ് 15നാണ് ആദ്യ ബാച്ച് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ഡൽഹിയിൽ നടന്നത്. പൗരത്വം ലഭിച്ച 300 പേർക്ക് സർട്ടിഫിക്കറ്റ് കൈമാറി.
2019 ഡിസംബറിലായിരുന്നു രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ നിയമമായത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപീഡനം നേരിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യപ്പെട്ട ഹിന്ദു, ജൈന, ബുദ്ധ, ക്രിസ്ത്യൻ, സിഖ്, പാഴ്സി മതവിഭാഗത്തിലുള്ളവർക്കാണ് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുക. സിഎഎ നിയമം മുസ്ലീം വിരുദ്ധമാണെന്നും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അവകാശപ്പെട്ടത്.