142 വർഷത്തിന് ശേഷം മറ്റൊരു നരേന്ദ്രൻ കന്യാകുമാരിയിലെ ശ്രീപാദ പാറയിൽ ധ്യാനത്തിന് ഒരുങ്ങുകയാണ്. രാജ്യത്തിന്റെ പ്രധാന സേവകനായ, വികസന നായകനായ പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ പോവുന്നു. നരേന്ദ്രനാഥ ദത്ത സ്വാമി വിവേകാനന്ദൻ എന്നാണ് വിവേകാനന്ദ സ്വാമിയുടെ യഥാർത്ഥ നാമം. പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു നരേന്ദ്രനെ വരവേൽക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കന്യാകുമാരി.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രദേശത്ത് 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്കും വിലക്കേർപ്പെടുത്തി.
വിവേകാനന്ദ സ്വാമി ധ്യാനമിരിക്കുന്നതിന് മുമ്പ് ശ്രീപാദ പാറ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ചെറുതും വലുതുമായ ധാരാളം പാറകളാണ് കന്യാകുമാരിയിലുള്ളത്. അതിലൊന്നാണ് ശ്രീപാദ പാറ. ഭഗവാൻ മഹാദേവനെ സ്വന്തമാക്കാൻ ശ്രീ ഭഗവതി ഈ പാറയിൽ തപസ് ചെയ്തുവെന്നാണ് ഐതിഹ്യം. ഭഗവതിയുടെ പാദമുദ്രകൾ ഇവിടെ പതിഞ്ഞിട്ടുണ്ടെന്നും വിശ്വാസമുണ്ട്. അതിനാലാണ് ഇവിടം ശ്രീപാദ പാറ എന്ന് അറിയപ്പെടുന്നത്.
1882-ലാണ് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നും മഹാജ്ഞാനി രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ നരേന്ദ്രനാഥ ദത്ത സ്വാമി വിവേകാനന്ദൻ ശ്രീപാദ പാറയിൽ മൂന്ന് ദിവസത്തെ ധ്യാനമിരുന്നത്. ഭയമില്ലാതെ കടൽ നീന്തി കടന്നാണ് അദ്ദേഹം ശ്രീ പാദ പാറയിലെത്തിയത്. മൂന്ന് ദിവസത്തെ ധ്യാനത്തിന് ശേഷം ശ്രീപാദ പാറയിൽ ഒരു സ്മൃതി മണ്ഡപം നിർമിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
1962-ലാണ് ഇവിടെ വിവേകാനന്ദ സ്മാരകം നിർമിക്കാൻ തീരുമാനിക്കുന്നത്. തുടർന്ന് 1970-ൽ സ്മാരകം നിർമിച്ചു. സ്വാമി വിവേകാനന്ദന്റെ ഓർമകൾ കുടികൊള്ളുന്ന ഈ പുണ്യ ഭൂമിയെ പിന്നീട് വിവേകാനന്ദ പാറയെന്ന് രാജ്യം വാഴ്‌ത്തുകയായിരുന്നു.