ചെന്നൈ: വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസവും തുടരുന്നു. നിലവിൽ കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കന്യാകുമാരി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതി അമ്മൻ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇന്നലെ ധ്യാനം ആരംഭിച്ചത്. വിവേകാനന്ദ പ്രതിമയിലും ശ്രീരാമകൃഷ്ണ പരമഹംസരുടെ ചിത്രത്തിലും ശാരദാദേവിയുടെ ചിത്രത്തിലും അദ്ദേഹം പുഷ്പാർച്ചന നടത്തി.
വിവേകാനന്ദ പാറയിൽ ധ്യാന മണ്ഡപം, ശ്രീ പാദ മണ്ഡപം, സഭാ മണ്ഡപം എന്നിങ്ങനെയാണുള്ളത്. ഇതിൽ ധ്യാന മണ്ഡപത്തിലാണ് പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. മണ്ഡപത്തിൽ പ്രത്യേക സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് മാസത്തെ തുടർച്ചയായ പ്രചാരണ പരിപാടികൾ അവസാനിച്ചതോടെയാണ് രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്.
നാലായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് കന്യാകുമാരിയിൽ വിന്യസിച്ചിരിക്കുന്നത്. നാളെ 3.35-ന് കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് ഇവിടെ നിന്ന് വാരാണസിയിലേക്ക് പോകും.
മുൻ വർഷങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി ആത്മീയയാത്ര നടത്തിയിരുന്നു. 2019-ലെ പ്രചാരണങ്ങൾക്ക് ശേഷം കേദാർനാഥിലും 2014-ൽ പ്രതാപ്ഗഡിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.