ജൂണും ജൂലൈയും കാലവർഷത്തിനും ഇടവപ്പാതിക്കും ഉള്ളതാണെങ്കിൽ ഇത്തവണ അത് ഓരോ കായികപ്രേമിക്കുമുള്ളതാണ്. വരുന്ന രണ്ട് മാസകാലം ഇഷ്ട ടീമുകൾക്കായി ആരാധകർ മുറവിളികൂട്ടും. ചാമ്പ്യൻസ് ലീഗ് ഫൈനൽ, ടി20 ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക പാരീസ് ഒളിമ്പിക്‌സ് അങ്ങനെ മത്സരങ്ങളുടെ മഴക്കാലമാണ് കായികലോകത്ത്. ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകരെ ലോകകപ്പ് സ്വപ്‌നം കാണാൻ പഠിപ്പിച്ച സുനിൽ ഛേത്രി എന്ന നായകന്റെ നീലക്കുപ്പായത്തിലെ അവസാന മത്സരത്തിനും ആരാധകർ സാക്ഷ്യം വഹിക്കും.
നാളെ പുലർച്ചെ മുതലാണ് ഉറക്കമില്ലാത്ത രാത്രികൾക്ക് ഔദ്യോഗിക തുടക്കമാകുന്നത്. 2ന് പുലർച്ചെ 12.30നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ. 14 തവണ കിരീടം നേടിയ റയൽ മഡ്രിഡ് ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് നേരിടുക. ഒരുമാസം നീണ്ടുനിൽക്കുന്ന ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിനും നാളെ രാവിലെ ആറ് മണിക്ക് തിരിതെളിയും. കാനഡയും അമേരിക്കയുമാണ് ഉദ്ഘാടന പോരിൽ മത്സരിക്കുക.
യൂറോപ്പിലെ ഫുട്‌ബോൾ രാജാക്കന്മാരെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾക്കും ജൂൺ പകുതിയോടെ തുടക്കമാകും. ജൂൺ 14 മുതൽ ജൂലൈ 14 വരെയാണ് യൂറോകപ്പ്. വൈകിട്ട് 6.30, രാത്രി 9.30, അർദ്ധരാത്രി 12.30 എന്നിങ്ങനെ മൂന്ന് മത്സരമാണുള്ളത്. ഫുട്‌ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന കോപ്പ അമേരിക്കയും ജൂൺ 21ന് ആരംഭിക്കും. അർജന്റീന കിരീടം നേട്ടം ആവർത്തിക്കുമോ, മറ്റൊരവകാശി കിരീടത്തെ തേടിയെത്തുമോ എന്നെല്ലാം കണ്ടറിയാം. അമേരിക്കയിൽ ജൂൺ 21 മുതൽ ജൂലൈ 14 വരെയാണ് ടൂർണമെന്റ്. പുലർച്ചെ 3.30, 5,30, രാവിലെ 6.30 എന്നിങ്ങനെ മൂന്ന് മത്സരങ്ങളുമുണ്ട്. ജൂലൈ 16 മുതൽ ഓഗസറ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ്. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽവേട്ടയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ജൂൺ 6, ഇന്ത്യൻ ഫുട്‌ബോൾ ആരാധകരുടെ കണ്ണുനീർ പൊടിയുന്ന ദിവസമാണ്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തോടെ നായകൻ സുനിൽ ഛേത്രി അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കും. വൈകാരികമായ പല നിമിഷങ്ങൾക്കും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം വേദിയാകും.















