ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മുൻതാരവും ബിസിസിഐ പ്രസിഡന്റുമായി സൗരവ് ഗാംഗുലി പരിശീലക നിയമനത്തിൽ പ്രതികരണം നടത്തി. ഒരു കോൺഫറൻസ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.
എനിക്കെപ്പോഴും ഒരു ഇന്ത്യൻ പരിശീലകനിലാണ് താത്പ്പര്യം. അദ്ദേഹം അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഗംഭീർ ഒരു മികച്ച പരിശീലകനാകും– ഗാംഗുലി പറഞ്ഞു. രാഹുൽ ദ്രാവിഡിന്റെ കാലാവധി ജൂണിൽ പൂർത്തിയാകും. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം അമേരിക്കയിലാണ് രാഹുൽ ദ്രാവിഡ്. ഒരു ലോക കിരീടം നേടി ഇന്ത്യൻ പരിശീലക കരിയറിന് വിരാമമിടാനാണ് ദ്രാവിഡും ശ്രമിക്കുന്നത്.
ഐപിഎല്ലിനിടെ തന്നെ ഗൗതം ഗംഭീറുമായി ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. കൊൽക്കത്തയുടെ മെൻ്ററായി എത്തിയപ്പോൾ അവർക്ക് മൂന്നാം കിരീടം നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എൽ.സി.ജിയുടെ ഉപദേശകനായിരുന്നപ്പോഴും അവരെ രണ്ടുതവണ പ്ലേ ഓഫിലെത്തിക്കാൻ ഗംഭീർ അടങ്ങുന്ന പരിശീലക സംഘത്തിന് സാധിച്ചു.