മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 442ഗ്രാം 24 കാരറ്റ് സ്വര്‍ണം പിടികൂടി. ഒരു യാത്രികനും സ്വർണം സ്വീകരിക്കാനെത്തിയ മറ്റൊരാളെയുമാണ് പിടികൂടിയത്. മസ്കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ (WY 297) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ താനാളൂര്‍ സ്വദേശി നാസറിനെ(36) ആണ് 442 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണം മിശ്രിത രൂപത്തിൽ രണ്ട് പായ്‌ക്കുകളാക്കി കാൽപാദത്തിനടിയിൽ ബാന്‍റ് ഉപയോഗിച്ച് കെട്ടിവച്ചാണ് ഇയാള്‍ കടത്തിയത്. അഭ്യന്തര വിപണിയില്‍ 30 ലക്ഷത്തിലധികം വിലയുണ്ട് പിടിച്ചെടുത്ത സ്വര്‍ണത്തിന്.നാസര്‍ കടത്തികൊണ്ടു വന്ന കടത്ത് സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കാടാംപുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫ (32) യാണ് കസ്റ്റഡിയിലുള്ള രണ്ടാമത്തെയാള്‍.
ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ക്കായി വിശദ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കും.കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടിയിരുന്നു. ഇന്നലെ കടത്തിലെ മുഖ്യപ്രതി സുഹൈലും വലയിലായിരുന്നു.















