ഡെറാഡൂൺ : മെയ് 10 മുതൽ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയത് ആറ് ലക്ഷത്തിലധികം തീർത്ഥാടകരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 12,857 പുരുഷന്മാരും 6323 സ്ത്രീകളും 304 കുട്ടികളും ഉൾപ്പെടെ 19,484 തീർത്ഥാടകരാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. തീർത്ഥാടനകാലം തുടങ്ങിയ മെയ് 10 മുതൽ ഇന്നലെ വരെ ആകെ 6,27,213 തീർത്ഥാടകർ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയിട്ടുണ്ട്.
കേദാർനാഥ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ക്യൂവിൽ നിന്ന് കൊണ്ടുള്ള സുഗമമായ ദർശനം ഒരുക്കുന്നതിന്റെ വീഡിയോ രുദ്രപ്രയാഗ് പൊലീസ് അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി പുറത്ത് വിട്ടിട്ടുണ്ട്. ഭക്തരുടെ സഹകരണം ഉറപ്പാക്കിക്കൊണ്ട് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം മാത്രമേ ഭക്തർ കേദാർനാഥിലേക്ക് എത്താവൂ എന്നും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ചാർധാം യാത്രയ്‌ക്ക് എത്തുന്ന എല്ലാ തീർത്ഥാടകർക്കും സർക്കാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ തീർത്ഥാടകർക്ക് യാത്രയ്‌ക്കായി നിശ്ചിത തിയതിയും നൽകും. കെയ്ഞ്ചി ധാമിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചിട്ടുണ്ട്. നൈനിറ്റാളിൽ മലമുകളിലുള്ള ആശ്രമമാണ് കെയ്ഞ്ചി ധാം. നീം കരോലി ബാബയുടെ ആശ്രമമമെന്നും ഇത് അറിയപ്പെടുന്നു.