തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിതാ ഷായ്‌ക്കും ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി. ഗോവ മന്ത്രി വിശ്വജിത് റാണെ ക്ഷേത്രത്തിൽ നേരിട്ടെത്തിയാണ് പുഷ്പാഞ്ജലി നടത്തിയത്. ഹെലികോപ്റ്ററിൽ പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂൾ മൈതാനിയിലെത്തിയ മന്ത്രിയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു.
ആദിപരാശക്തിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ശ്രീകുരുംബ ഭഗവതി ക്ഷേത്രം കേരളത്തിലെ ആദ്യത്തെ കാളി ക്ഷേത്രമാണ്. ആദിപരാശക്തിയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. പുരാതന കേരളത്തിന്റെ രക്ഷയ്‌ക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് കൊടുങ്ങല്ലൂരമ്മ എന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക, പാലക്കാട് ഹേമാംബിക, കന്യാകുമാരി ബാലാംബിക എന്നിവയാണ് മറ്റു മൂന്ന് ക്ഷേത്രങ്ങൾ.















