പുന്നപ്ര: വിദ്യാഭ്യാസ വകുപ്പിനെ വിമർശിച്ച് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. പുന്നപ്രയിൽ എം.പി.വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനത്തിലാണ് വിമർശനം. കേരളത്തിൽ പൊതു വിദ്യാലയങ്ങൾ കുറഞ്ഞു വരികയാണ്.
33 ശതമാനം പോലും ഗവ. സ്‌കൂളുകളില്ല. 66 ശതമാനവും എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളാണ്. 10 ശതമാനം പോലും ഗവ. കോളേജില്ല. ഇരുപതും മുപ്പതും സ്വകാര്യ കോളജുകളാണ് ഉളളത്. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത് ചൂഷണമാണ് നടക്കുന്നത്. ചൂഷണം നടക്കുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് എങ്ങനെയാണ് സോഷ്യലിസം ഉണ്ടാകുന്നതെന്ന് ജി സുധാകരൻ ചോദിച്ചു.
ഉണ്ടാകും പക്ഷെ അത് കുറച്ചുപേർക്കേ ഉണ്ടാകൂ. ജൻമിത്ത- മുതലാളിത്ത കാലത്ത് വീരേന്ദ്രകുമാർ സാറിന് സോഷ്യലിസ്റ്റ് ബോധം ഉണ്ടാകാൻ കാരണം അദ്ദേഹം ബഹുമുഖ പ്രതിഭ ആയതുകൊണ്ടാണെന്ന് ജി സുധാകരൻ പറഞ്ഞു. കഴിവുളള ചിലർ പ്രതിഭാശാലികളായി ജനിക്കുന്നു. മറ്റ് ചിലർ പ്രതിഭയില്ലെങ്കിലും പ്രതിഭാശാലികളെന്ന് അടിച്ചേൽപിക്കപ്പെടുന്നുവെന്നും സുധാകരൻ വിമർശിച്ചു.
സെക്കുലറിസം, സോഷ്യലിസം, ഡെമോക്രസി, സമത്വം, സ്വാതന്ത്ര്യം ഇതിലൊക്കെ ആകൃഷ്ടരായ ആളുകൾ അത്തരം രീതികളിലേക്കാണ് പണ്ട് വന്നുകൊണ്ടിരുന്നത്. കോൺഗ്രസും അങ്ങനെയാണ് വലിയ പാർട്ടിയായത്. കോൺഗ്രസിനെക്കാൾ തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞാണ് കമ്യൂണിസ്റ്റുകാർ കേരളത്തിലും ബംഗാളിലും വന്നതെന്നും ജി സുധാകരൻ പറഞ്ഞു.















