ആരോഗ്യത്തിനേറെ ഗുണം ചെയ്യുന്ന മത്സ്യങ്ങളിൽ പ്രധാനിയാണ് മത്തി അഥവാ ചാള. ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മത്തി പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടം കൂടിയാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവ് കൂടും. പ്രതിരോധ ശേഷി വർദ്ധിപ്പിക്കും, കാൽസ്യത്തിന്റെ കലവറ, കുട്ടികളുടെ തലച്ചോർ വികാസത്തിനും മത്തി സഹായിക്കും.
പണ്ടുമുതൽ ചുട്ടെടുത്ത ആഹാരത്തിന് എന്നും പ്രിയമേറെയാണ്. നോൺ സ്റ്റിക് പാത്രങ്ങളില്ലാതെ കനലിൽ ചുട്ടെടുക്കുന്ന വിഭവങ്ങളുടെ രുചി നാവിൽ കപ്പലോടിക്കുമെന്നത് തീർച്ച. കനലിൽ ചുട്ട കിടിലൻ മത്തി വെന്തു വരുന്നതിന്റെ മണം മാത്രം മതി വിശപ്പിനെ ഇളക്കി വിടാൻ. അത്തരത്തിൽ മീൻ വാഴയിലയിൽ പൊതിഞ്ഞ് കനലിൽ ചുട്ടെടുത്താലോ? കിടിലോൽ കിടിലം റെസിപ്പി ഇതാ..
വിറക് നന്നായി കത്തിച്ച് നല്ല കനലാക്കിയെടുക്കണം. കാന്താരി, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, കുരുമുളക് എന്നിവ ചതച്ചെടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഈ കൂട്ട് മീൻ വരഞ്ഞ് അതിൽ തേച്ച് പിടിപ്പിക്കുക. കനലിൽ വാഴയില ചൂടാക്കുക. ഇതിലേക്ക് മീൻ വെച്ച് കെട്ടുക. തുടർന്ന് കനലിൽ വച്ച് നന്നായി ചുട്ടെടുക്കുക.