ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്ത് വരുമ്പോൾ സ്ഥാനാർത്ഥികൾ നേടിയ വോട്ട് വിഹിതവും ചർച്ചയാവുകയാണ്. മത്സര രംഗത്ത് ഉണ്ടായിരുന്ന സ്ഥാനാർത്ഥികളിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള സിറ്റിംഗ് എംപിയും ബിജെപി സ്ഥാനാർത്ഥിയുമായ ശങ്കർ ലാൽവാനിയാണ് ഏറ്റവും അധികം വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയത്. 11.72 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലാൽവാനി ഇക്കുറി സ്വന്തമാക്കിയത്. ഇതുവരെ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. മുൻ റെക്കോർഡുകൾ തകർത്തു കൊണ്ടാണ് ലാൽവാനിയുടെ നേട്ടം.
ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം സ്വന്തമാക്കിയ സ്ഥാനാർത്ഥികളെ അറിയാം..
1. ശങ്കർ ലാൽവാനി (ബിജെപി) : മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപി. നേടിയത് 11.72 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം.
2. റാക്കിബുൾ ഹുസൈൻ (കോൺഗ്രസ്): അസമിലെ ധ്രുബി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. നേടിയത് 10.12 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം
3. ശിവരാജ് സിംഗ് ചൗഹാൻ (ബിജെപി): മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി. വിദിഷ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എതിർ സ്ഥാനാർത്ഥിയെക്കാൾ 8.21 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കി.
4. സി ആർ പാട്ടീൽ (ബിജെപി): ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷൻ. നവസാരി മണ്ഡലത്തിൽ നിന്ന് വിജയം. നാല് തവണ എംപി സ്ഥാനം വഹിച്ച വ്യക്തി. നേടിയത് 7.73 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം.
5. അമിത് ഷാ (ബിജെപി): ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് തുടർച്ചയായ രണ്ടാം വട്ടവും വിജയം. കേന്ദ്ര ആഭ്യന്തര മന്ത്രിയും സിറ്റിംഗ് എംപിയുമാണ്. നേടിയത് 7.44 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം
അഞ്ച് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥികൾ
യുപിയിലെ ഗൗതം ബുദ്ധനഗറിൽ നിന്ന് ബിജെപിയുടെ മഹേഷ് ശർമ്മ(5.59 ലക്ഷം), ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി ബ്രിജ്മോഹൻ അഗർവാൾ (5.75 ലക്ഷം), മധ്യപ്രദേശിലെ ഗുണയിൽ നിന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ( 5.40 ലക്ഷം), മധ്യപ്രദേശിലെ ഖജുരാഹോയിലെ ബിജെപി സ്ഥാനാർത്ഥി വിഷ്ണു ദത്ത് ശർമ്മ(5.41 ലക്ഷം).
ഗുജറാത്തിലെ പഞ്ച്മഹലിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി രാജ്പാൽസിങ് ജാദവ് (5.09 ലക്ഷം), വഡോദരയിൽ നിന്നും ഹേമാംഗ് ജോഷി (5.82 ലക്ഷം), മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് അലോക് ശർമ്മ (5.01 ലക്ഷം), മൻസോറിൽ നിന്നും സുധീർ ഗുപ്ത (5 ലക്ഷം), ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ടിഡിപി സ്ഥാനാർത്ഥി ശ്രീഭരത് മധുകുമിലി(5.04 ലക്ഷം).