കഴിഞ്ഞ പത്ത് വർഷത്തിനിടെ ഓരോ തവണ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്ന ‘കക്ഷി’യാണ് വോട്ടിംഗ് യന്ത്രം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷ മുന്നണികൾ നിരവധി തവണ ഹാക്കിംഗ് ആരോപണം ഉന്നയിച്ചിരുന്നു.
2014ൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയപ്പോഴും അതിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ (2019) മുൻപത്തേക്കാൾ സീറ്റുകളുമായി ബിജെപി തുടർഭരണം കാഴ്ചവച്ചപ്പോഴും വോട്ടിംഗ് യന്ത്രം വീണ്ടും പ്രതിക്കൂട്ടിലായി. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താനാകാതെ പോയത് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തതിനാലാണെന്നും ഇതിന് പിന്നിൽ ബിജെപിയാണെന്നും കാപ്സ്യൂളുകൾ ഉയർന്നിരുന്നു.
എന്നാൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മറ്റൊരു സിസ്റ്റവുമായി ബന്ധിപ്പിക്കാതെ പ്രവർത്തിക്കുന്ന ഉപകരണമാണ്. അതുകൊണ്ട് തന്നെ ഹാക്കിംഗ് അടക്കമുള്ള കൃത്രിമം നടത്താൻ സാധിക്കുകയില്ല. എന്തുകൊണ്ട് ഇവിഎമ്മിൽ കൃത്രിമം സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിരുന്നാലും ഓരോ നിയമസഭാ/ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേരിട്ടിരുന്ന പരാജയത്തിന്റെ കാരണം മോശം പ്രകടനമാണെന്ന് തുറന്ന് സമ്മതിക്കാൻ കഴിയാതിരുന്ന പാർട്ടി നേതാക്കൾ ഇവിഎമ്മിനെ പഴിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചിരുന്നത്. ഓരോ തവണ ബിജെപി സീറ്റുനില വർദ്ധിപ്പിച്ചപ്പോഴും ഇവിഎം ഹാക്ക് ചെയ്തതാണെന്ന ആരോപണം വീണ്ടും ശക്തമായി ഉയർത്തുന്നതായിരുന്നു പതിവ് രീതി.
എന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് മത്സരിച്ചതോടെ സീറ്റുനില വർദ്ധിപ്പിക്കാൻ കോൺഗ്രസിനും എസ്പിക്കും അടക്കമുള്ള മറ്റ് പാർട്ടികൾക്ക് കഴിഞ്ഞു. ഭരണമുറപ്പിക്കാൻ വേണ്ട പ്രകടനം നടത്താൻ പ്രതിപക്ഷ മഹാസഖ്യമായ ഇൻഡി മുന്നണിക്ക് കഴിഞ്ഞില്ലെങ്കിലും ബിജെപിയുടെ പല സീറ്റുകളും എസ്പി അടക്കമുള്ള കക്ഷികൾ പിടിച്ചെടുത്തതോടെ വോട്ടിംഗ് മെഷീനെ പഴിക്കുന്ന പതിവുരീതി പ്രയോഗിക്കാൻ സാധിക്കാതെ വന്നു. സീറ്റുനില വർദ്ധിപ്പിച്ചു, എന്നാൽ ഭരണമൊട്ടും കിട്ടിയതുമില്ല, അതിനാൽ ഇവിഎമ്മിനെ കുറ്റപ്പെടുത്താനും വയ്യ എന്നതായി പ്രതിപക്ഷത്തിന്റെ അവസ്ഥ. ഇതോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രതിസ്ഥാനത്ത് നിന്ന് ആദ്യമായി കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ് ഇവിഎം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും പരിഹാസ പോസ്റ്റുകളും നിറയുകയാണ്. ഇത്തവണ 233 മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ നല്ലതാണെന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചുകൊണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ജനവിധി അംഗീകരിക്കാൻ തയ്യാറാകാതെ വോട്ടിംഗ് യന്ത്രത്തെ പഴിച്ച് പ്രതിച്ഛായ സൂക്ഷിക്കാൻ ശ്രമിച്ച ഓരോരുത്തർക്കുമുള്ള മറുപടി കൂടിയായിരുന്നു ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.