വാഷിംഗ്ടൺ: ബോയിംഗ് സാറ്റാർലൈനർ പേടകം ഇന്ന് രാത്രി തന്നെ ബഹിരാകാശ നിലയത്തിൽ എത്തുമെന്ന് നാസ. യാത്രാമദ്ധ്യേ നേരിട്ട ഹീലിയം വാതക ചോർച്ച പരിഹരിച്ചെന്ന് നാസ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 9.45 ഓടെയാണ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്.
ബഹിരാകാശ നിലയത്തിലെ ഹാർമണിമോർജുലുമായി പേടകം സന്ധിക്കുമെന്നും നാസ അറിയിച്ചു. തുടർന്ന് പേടകത്തിലെ യാത്രികരായ സുനിത വില്യംസും, ബുച്ച് വിൽമോറും നിലയത്തിലേക്ക് പ്രവേശിക്കുയും നിലയത്തിലെ ഇപ്പോഴത്തെ യാത്രികർ അവരെ സ്വീകരിക്കുമെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഇന്നലെ ഫ്‌ളോറിഡയിൽ നിന്ന് വിക്ഷേപിച്ച സ്റ്റാർലൈനർ പേടകത്തിന് യാത്രാമദ്ധ്യേ ചെറിയ സാങ്കേതിക തടസങ്ങൾ നേരിട്ടിരുന്നു. തുടർന്നാണ് പേടകത്തിലെ വാൾവുകളിൽ നിന്ന് ഹീലിയം ചോരുന്നതായി കണ്ടെത്തിയത്. ഇതോടെ സുനിത വില്യംസും ബുച്ച് വിൽമോറും വാൾവുകൾ അടച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
ബഹിരാകാശ നിലയത്തിലെത്തി ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഇവർ തിരികെ ഭൂമിയിലേക്ക് തിരിക്കുന്നത്. മേയ് ആറിനായിരുന്നു പേടകം വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ വാൾവുകളിലെ വാതകചോർച്ചയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കാരണം യാത്ര മാറ്റി വയ്‌ക്കുകയായിരുന്നു.