സൗരഭ് നേത്രവൽക്കർ, സ്വന്തം മണ്ണിൽ നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താനെതിരെ അമേരിക്കയ്‌ക്ക് അട്ടിമറി ജയം സമ്മാനിച്ച ഇന്ത്യൻ വംശജൻ. സൂപ്പർ ഓവർ പോരാട്ടത്തിൽ പാകിസ്താനെ 13 റൺസിൽ പിടിച്ചുകെട്ടിയ 32-കാരൻ ഇടംകയ്യൻ പേസറാണ് വാർത്തകളിലെ താരം. മൈക്കൽ വോൺ, വിരേന്ദർ സെവാഗ്, സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവർ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ രാജസ്ഥാൻ റോയൽസ് 14 വർഷങ്ങൾക്ക് മുമ്പുള്ള അണ്ടർ 19 ലോകകപ്പും ക്രിക്കറ്റ് ലോകത്തെ ഓർമ്മപ്പെടുത്തി.
1991, ഒക്ടോബർ 19-ന് മുംബൈയിൽ ജനിച്ച സൗരഭ് ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി തിളങ്ങിയിരുന്നു. 2010-ലെ അണ്ടർ 19 ലോകകപ്പിൽ കെ. എൽ രാഹുൽ, ജയദേവ് ഉനദ്ഘട്ട്, മായങ്ക് അഗർവാൾ എന്നിവർക്കൊപ്പം ഇന്ത്യൻ ജഴ്‌സി അണിഞ്ഞ താരം ആ ലോകകപ്പിൽ 9 വിക്കറ്റുമായി തിളങ്ങി. ക്വാർട്ടർ ഫൈനലിൽ പാകിസ്താനെതിരെ മികച്ചം പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഇന്നലെ ഡല്ലാസ് സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ നേടിയ ജയം.
ഒരുപക്ഷേ അവസരങ്ങൾ ലഭിച്ചേക്കില്ലെന്ന തോന്നലിൽ ഈ കൗമാരക്കാരൻ ബിദുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. കോർണൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം. ക്രിക്കറ്ററായും സോഫ്‌റ്റ്വെയർ എൻജിനീയറായും അമേരിക്കയിൽ സൗരഭ് തിളങ്ങി. തുടർ പഠനത്തിന് ശേഷം ഒറാക്കിളിൽ ജോലിയിൽ പ്രവേശിച്ചു. ജോലിക്കിടയിലും കളി തുടർന്ന സൗരഭിനെ തേടിയെത്തിയ സുവർണാവസരമായിരുന്നു യുഎസ് ദേശീയ ടീമിലേക്കുള്ള വിളി. യുഎസ് ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് നേത്രവൽക്കർ.
ലിങ്ക്ഡ് ഇന്നിലേ സൗരഭിന്റെ പ്രൊഫെൽ കണ്ടതോടെയാണ് ആരാധകർ ഞെട്ടിയത്. ക്രിക്കറ്റർമാർക്കിടയിലെ ഏറ്റവും കൗതുകകരമായ പ്രൊഫൈൽ സൗരഭിന്റേതാണ്., നിങ്ങൾ ലിങ്ക്ഡ് ഇന്നിലേ അക്കൗണ്ട് ഡിലീറ്റ് ചെയ്യൂ, എന്റെ മാതാപിതാക്കൾ ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്നെല്ലാം ആരാധകർ പ്രെഫൈൽ ഷെയർ ചെയ്തുകൊണ്ട് എക്‌സിൽ കുറിച്ചു. ടെക് ഭീമൻമാരായ ഒറാക്കിളും യുഎസ് ടീമിനും സൗരഭിനും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.















