ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾക്ക് കോൺഗ്രസിനെ വിശ്വാസമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് ബെഗുസാരായിയിൽ നിന്നുള്ള ബിജെപി എംപി ഗിരിരാജ് സിംഗ്. 99 സീറ്റുകൾ മാത്രം നേടിയ വ്യക്തിയാണ് വലിയ ആഘോഷങ്ങൾ നടത്തി, ബിജെപിയ്‌ക്കെതിരെ വിമർശനം ഉന്നയിക്കുന്നത് എന്നത് പരിഹാസ്യമായ കാര്യമാണെന്നും ഗിരിരാജ് സിംഗ് പറയുന്നു.
” ഈ തെരഞ്ഞെടുപ്പിൽ 100 സീറ്റ് പോലും കടക്കാത്ത ആളാണ് വലിയ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. നാണക്കേട് മറയ്‌ക്കാനാണ് ബിജെപിക്കെതിരെ യാതൊരു ഉളുപ്പുമില്ലാതെ ആരോപണങ്ങൾ നടത്തുന്നത്. ഇൻഡി സഖ്യത്തിന്റെ ശക്തി കുറയുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. ജനങ്ങൾ ഒരു തെരഞ്ഞെടുപ്പിൽ പോലും രാഹുലിനെ വിശ്വസിച്ചിട്ടില്ല. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരും. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്നും” ഗിരിരാജ് സിംഗ് പറയുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വം രാജ്യപുരോഗതിക്ക് വേണ്ടി ഉള്ളതാണെന്നും, ഇതുവരെ രൂപീകരിച്ചതിൽ വച്ച് ഏറ്റവും ശക്തമായ എൻഡിഎ സഖ്യമാണ് ഇതെന്നും കാൺപൂരിൽ നിന്നുള്ള ബി.ജെ.പി എം.പി രമേശ് അവസ്തി പ്രശംസിച്ചു. ” മൂന്നാം വട്ടവും നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയാണ്. അദ്ദേഹം എന്ത് തീരുമാനമെടുത്താലും എല്ലാവരും ഒപ്പമുണ്ടാകും. എൻഡിഎ കക്ഷി നേതാക്കളെല്ലാം പ്രധാനമന്ത്രിക്ക് പൂർണ പിന്തുണ നൽകിക്കഴിഞ്ഞു. വരുന്ന അഞ്ച് വർഷവും കേന്ദ്രത്തിൽ പൂർണ ശക്തിയോടെ ഈ സർക്കാർ അധികാരത്തിൽ തുടരും. ഇത്രയും ശക്തമായ ഒരു സഖ്യം ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും” രമേശ് അവസ്തി വ്യക്തമാക്കി.















