ന്യൂഡൽഹി: ഡൽഹിയിലെ ഭക്ഷ്യ സംസ്കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 3 പേർക്ക് ദാരുണാന്ത്യം. നോർത്ത് ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ ശനിയാഴ്ച്ച പുലർച്ചെ 3.35 ഓടെയായിരുന്നു സംഭവം. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റതായും ഡൽഹി പൊലീസ് അറിയിച്ചു.
ശായം കൃപ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിലാണ് തീപിടിത്തമുണ്ടായത്. അപകടമുണ്ടായതിന് പിന്നാലെ ഇവിടെ നിന്നും പൊലീസ് കൺട്രോൾ റൂമിലേക്ക് ഇത് സംബന്ധിച്ചുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് തീപിടിത്തമുണ്ടായ ഫാക്ടറിക്കുള്ളിൽ കുടുങ്ങി കിടന്നിരുന്ന 9 പേരെ നരേലയിലെ എസ്എച്ച്ആർസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്നു പൊലീസ് പറഞ്ഞു.
പാചകത്തിനിടെ വാതക പൈപ്പുകളിലൊന്നിന് ചോർച്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സ്ഫോടനത്തിന് കാരണമായത്. ശ്യാം (24), രാം സിംഗ് (30), ബീർപ (42) എന്നിവരാണ് മരിച്ചത്.പുഷ്പേന്ദർ (26), ആകാശ് (19), മോഹിത് കുമാർ (21), രവികുമാർ (19), മോനു (25), ലാലു (32) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.