ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ ശനിദശ തുടരുന്നു. ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനോട് 2 വിക്കറ്റിന് പരാജയപ്പെട്ട് ശ്രീലങ്ക. ഗ്രൂപ്പ് ഘട്ടത്തിലെ ലങ്കയുടെ രണ്ടാം തോൽവിയാണിത്. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 19 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ സമഗ്രാധിപത്യമാണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ ജയം സമ്മാനിച്ചത്. സ്‌കോർ: ബംഗ്ലാദേശ്-124/9 ശ്രീലങ്ക 125/8
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കൻ നിരയിൽ പാതും നിസങ്കയ്‌ക്ക്(47)മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായത്. പിന്നീട് വന്നവർക്കാർക്കും ക്രീസിൽ അധികനേരം പിടിച്ചു നിൽക്കാനായില്ല. കുശൽ മെൻഡിസ്(10), ധനഞ്ജയ ഡിസിൽവ(21), ചരിത് അസലങ്ക(19), ഏയ്ഞ്ചലോ മാത്യൂസ് (15) എന്നിവരാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുർ റഹ്‌മാനും റിഷാദ് ഹൊസൈനും ചേർന്നാണ് ലങ്കയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. തസ്‌കിൻ അഹമ്മദ്, തൻസിം ഹസൻ സാകിബ് എന്നിവർ ഒരു വിക്കറ്റ് വീഴ്‌ത്തി.
ബംഗ്ലദേശിന് അത്ര മോശം തുടക്കമായിരുന്നില്ല. പവർ പ്ലേയിൽ 3 വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലായിരുന്നു ബംഗ്ലദേശ്. പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച ലിറ്റൺ ദാസും തൗഹിദ് ഹൃദോയും ചേർന്നാണ് ബംഗ്ലാ കടുവകളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 63 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. ഹസരങ്ക, തൗഹിദിനെ(40) പുറത്താക്കിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. പിന്നാലെ ചീട്ടുകൊട്ടാരം പോലെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.അവസാന രണ്ട് ഓവറിൽ ജയിക്കാൻ 11 വേണമെന്നിരിക്കെ മെഹമദുള്ള 18-ാം ഓവറിലെ ആദ്യ പന്തിൽ സിക്‌സടിച്ചതോടെ ബംഗ്ലാദേശ് വിജയം കൈയിലൊതുക്കുകയായിരുന്നു. ലങ്കയ്‌ക്ക് വേണ്ടി നുവാൻ തുഷാര നാല് വിക്കറ്റും വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റും നേടി. ഡിസിൽവ, പതിരണ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി.















