ലോകക്രിക്കറ്റിലെ സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ടി20 ലോകകപ്പിലെ വമ്പന്മാരായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. ന്യൂയോർക്കിൽ 51 ശതമാനം മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ പെയ്താൽ മത്സരം പൂർത്തിയാക്കുന്നതിന് 90 മിനിറ്റ് അധിക സമയവും ഐസിസി അനുവദിച്ചിട്ടുണ്ട്.
സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ഇന്ത്യ, ലോകകപ്പിലെ ആദ്യ മത്സരത്തിൽ 8 വിക്കറ്റിന് അയർലൻഡിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറങ്ങിയ ടീം ഇന്ത്യ കുൽദീപ് യാദവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തോറ്റ പാകിസ്താൻ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അമേരിക്കയോടും തോറ്റിരുന്നു. ഇന്നും ഇന്ത്യയോട് തോറ്റാൽ പാകിസ്താന്റെ സൂപ്പർ ഏട്ട് പ്രതീക്ഷകൾ മങ്ങും. കനത്ത വേഗവും അപ്രതീക്ഷിത ബൗൺസുമുള്ള പിച്ച് ലോകകപ്പിന് യോജിച്ചതല്ലെന്ന് ടീമുകൾ പരാതിപ്പെട്ടിരുന്നു. ബാറ്റർമാർക്ക് കാര്യമായ റോളില്ലാത്ത പിച്ചിൽ റണ്ണൊഴുകുമോ എന്നാണ് കണ്ടറിയേണ്ടത്.
സ്റ്റേഡിയത്തിലേത് ഡ്രോപ് ഇൻ പിച്ചാണ്. പിച്ചിനെ കുറിച്ചുള്ള ക്യൂറേറ്ററിനും ഞങ്ങൾക്കും വ്യക്തമായ ധാരണയില്ലെന്നാണ് പത്രസമ്മേളനത്തിൽ ഇന്ത്യൻ നായകൻ പറഞ്ഞത്. ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും 7 തവണയാണ് നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. 5 തവണയും ജയം ഇന്ത്യയ്‌ക്ക് ഒപ്പമായിരുന്നു. 2022-ൽ മെൽബണിൽ നടന്ന മത്സരത്തിൽ വിരാട് കോലിയുടെ മികച്ച പ്രകടനമാണ് അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.