ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് ചരിത്രമെഴുതിയിരിക്കുകയാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ലോകത്തിന്റെ വിവിധ കേണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.
മൈക്രോ സോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് സർവ മേഖലയിലെയും മുന്നേറ്റം എടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. നവീകരണത്തിന്റെ ഉറവിടമെന്ന നിലയിൽ ഇന്ത്യയെ എത്തിച്ചത് മോദിയുടെ നേതൃപാടവമാണെന്നും ആഗോള പുരോഗതിയുടെ നവീകരണത്തിൽ ഇന്ത്യ അതിന്റെ സ്ഥാനം അടയാളപ്പെടുത്തിയെന്നും ബിൽ ഗേറ്റ്സ് എക്സിൽ കുറിച്ചു.
ആരോഗ്യം, കൃഷി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിൽ എക്കാലത്തെയും മികച്ച പുരോഗതിയാണ് കൈവരിച്ചത്. ഇന്ത്യയിലെയും ലോകത്തിലെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പങ്കാളിത്തം ദൃഢമാക്കാനും സഹകരണം ശക്തിപ്പെടുത്താനും കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Congratulations to @narendramodi on winning a third term as Prime Minister. You have strengthened India’s position as a source of innovation for global progress in sectors like health, agriculture, women-led development, and digital transformation. Look forward to a continued…
— Bill Gates (@BillGates) June 9, 2024
കഴിഞ്ഞ മാർച്ചിലാണ് ബിൽ ഗേറ്റ്സ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർമിത ബുദ്ധി, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. രാജ്യത്തിന്റെ ടെക് മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന വിധത്തിലുള്ള പദ്ധതികൾ വിഭാവനം ചെയ്തിരുന്നു. വരും കാലങ്ങളിൽ ഇവ പ്രാവർത്തികമാക്കുമെന്നാണ് കണക്കുകൂട്ടൽ.