ലോകകപ്പ് യോഗ്യത മത്സരത്തിലെ റഫറിയിംഗ് പിഴവിനെതിരെ ഫിഫയ്‌ക്കും എഎഫ്സിക്കും പരാതി നൽകി അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷൻ. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയാണ് പരാതി നൽകിയ കാര്യം അറിയിച്ചത്. ഖത്തറിനെതിരായ നിർണായക മത്സരത്തിൽ റഫറിയിംഗ് പിഴവ് കാരണം ഇന്ത്യക്ക് നഷ്ടമായത് ലോകകപ്പ് യോഗ്യത എന്ന സ്വപ്നവും ഏഷ്യൻ കപ്പ് യോഗ്യതയുമാണ്.
‘ജയവും തോൽവിയും മത്സരത്തിന്റെ ഭാഗമാണ്. ഫലമെന്താണെങ്കിലും ഞങ്ങളതിനെ അംഗീകരിക്കുന്നു. റഫറിയിംഗ് പിഴവ് തോൽവിക്ക് കാരണമായി. ഈ ഗുരുതര വീഴ്ചയ്‌ക്കെതിരെ ഫിഫയുടെ യോഗ്യതാ മത്സരങ്ങളുടെ തലവൻ, എഎഫ്‌സി മത്സരങ്ങളുടെ മേധാവി, എഎഫ്‌സി റഫറിമാരുടെ മേധാവി, മാച്ച് കമ്മീഷണർ എന്നിവർക്ക് എഐഎഫ്എഫ് പരാതി നൽകി. നഷ്ടപരിഹാരം നീതിക്കേടിന് പകരമാകില്ലെങ്കിലും അത് ലഭിക്കുമോ എന്ന സാദ്ധ്യത പരിശോധിക്കുകയാണ്. പരാതിയിൽ അന്വേഷണം നടത്തി ഫിഫയും എഎഫ്‌സിയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ആദ്യപകുതിയിൽ മത്സരം ഇന്ത്യയുടെ കൈകളിലായിരുന്നു. ഖത്തറിനെ ഞെട്ടിച്ച് ലാലിയൻസുവാല ചാങ്‌തെയിലൂടെ ഇന്ത്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ഇന്ത്യ പ്രതിരോധിച്ച് കളിച്ചതോടെ ഖത്തർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 73-ാം മിനിറ്റിൽ അവരുടെ സമനില ഗോളുമെത്തി. ഔട്ട് ലൈൻ കഴിഞ്ഞ് പുറത്ത് പോയ പന്ത് വീണ്ടും തട്ടിയിട്ടാണ് ഖത്തർ ഗോളാക്കിയത് ഖത്തർ ഗോൾ നേടിയത്. ഇന്ത്യൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ലൈൻ റഫറിയും അസിസ്റ്റന്റ് റഫറിയും ഗോൾ അനുവദിക്കുകയായിരുന്നു. മത്സരത്തിന് വാർ സംവിധാനവും ഏർപ്പെടുത്തിയിരുന്നില്ല.















