കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ ആരോഗ്യനിലയിൽ പുരോഗതി. 25 ഇന്ത്യക്കാരാണ് കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 14 പേർ മലയാളികളാണ്. ആരുടെയും നില ഗുരുതരമല്ലന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സഹായവുമായി ആശുപത്രികളിലുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും കുടുംബവുമായി സംസാരിച്ചതായി എംബസി അറിയിച്ചു. ദുരന്തമുണ്ടായതിന് പിന്നാലെ എംബസി ഒരുക്കിയ ഹെൽപ് ലൈൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ജാബിർ ആശുപത്രി, മുബാറക് ആശുപത്രി, അൽ അദാൻ ആശുപത്രി, അൽ ജഹ്‌റ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിലുളളത്. അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 19 പേരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മുബാറക് ആശുപത്രിയിൽ ഒരാളാണ് ഐസിയുവിലുള്ളത്. അൽ ജഹ്‌റ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മലയാളി റെജി ഐസക്കിനെ വാർഡിലേക്ക് മാറ്റി. അൽ ജാബിർ ആശുപത്രിയിൽ ആറുപേരും, മുബാറക് നാലും അൽ ജഹറ രണ്ടും, ഫർഹാനിയിൽ ഒരാളുമാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.