പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ ആഴ്ച ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കും. വളരെക്കാലമായി കാണാതിരുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളുമായി വീണ്ടും ഒന്നിക്കാനും അവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനും അവസരങ്ങൾ ലഭിക്കും. നല്ല പ്രവൃത്തികളും സഹായ മനസ്ഥിതിയും മൂലം ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടുകയും, അതുകാരണം പേരും പ്രശസ്തിയും വർദ്ധിപ്പിക്കുകയും ചെയ്യും.
അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ലഭിക്കുകയോ, അപ്രതീക്ഷിതമായി സമ്മാനങ്ങൾ ലഭിക്കുകയോ ചെയ്യാം. ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനും സാധിക്കും.
ജീവിതപങ്കാളിയുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ അകന്ന് പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കാൻ സാധിക്കും. അതുപോലെ, സന്താനങ്ങളെ കുറിച്ചുള്ള ഉത്കണ്ഠകൾ മാറി അവരുടെ ജീവിതം പുരോഗമിക്കുന്നത് കാണാൻ സാധിക്കും.
മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾക്ക് ശമനമുണ്ടാകുകയും മൊത്തത്തിലുള്ള ആരോഗ്യനില വർദ്ധിക്കുകയും ചെയ്യും. നല്ല നിദ്ര, മനഃസന്തോഷം, ആരോഗ്യകരമായ ഭക്ഷണം എന്നിവയിലൂടെ ഉന്മേഷവും ഉത്സാഹവും വർദ്ധിക്കും.
ഇടയ്ക്കിടെ തൊഴിൽ രംഗത്ത് ചില തടസ്സങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം. എന്നാൽ, കഴിവും അർപ്പണബോധവും ഉപയോഗിച്ച് അവയെല്ലാം തരണം ചെയ്ത് വിജയത്തിലെത്താൻ സാധിക്കും.
പ്രത്യേകിച്ചും ജൂൺ 17, ജൂൺ 18, ജൂൺ 19 ദിനങ്ങൾ യഥാക്രമം ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ, അന്നേ ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം കടന്നു കിട്ടാൻ ദിനവും പ്രാർത്ഥന ആവശ്യമായിരിക്കും. വളരെ മോശം അനുഭവങ്ങൾ ഉണ്ടായാലും ദൈവവിശ്വാസം മുറുകെ പിടിക്കുക. ജാഗ്രതയോടെയും ക്ഷമയോടും കാര്യങ്ങൾ കൈകാര്യം ചെയേണ്ടതുണ്ട്.
ഈ ആഴ്ചയിൽ, പുതിയ സൗഹൃദങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അപരിചിതരുമായി സ്വകാര്യം പങ്കു വയ്ക്കുന്നത് അവസാനം പുലിവാലാകും. അവയിൽ ചിലത് നിങ്ങളുടെ സൽപ്പേരിന് കളങ്കം വരുത്തുകയും സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യും.
ചൂതാട്ടം, മദ്യപാനം, ചീട്ടുകളി തുടങ്ങിയ ദുശ്ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഇവ നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം നഷ്ടപ്പെടുത്തുക മാത്രമല്ല, കുടുംബത്തിൽ അസ്വസ്ഥതകൾക്കും കാരണമാകും. ഓൺലൈൻ ഷെയർ ട്രേഡിൽ പണം നിക്ഷേപിച്ചവർ ചലനങ്ങളിൽ ശ്രദ്ധിക്കാതെ വളരെ ക്ഷമയോടെ കാത്തിരിക്കുക.
ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്, ചെറിയ അസുഖങ്ങൾ കൂടുതൽ വഷളാകാനും ദീർഘകാല ബുദ്ധിമുട്ടുകൾക്കും ഇത് വഴിവയ്ക്കും.
ഈ ആഴ്ച പല കാര്യങ്ങളിലും തടസ്സങ്ങളും മാനസിക-ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. മറ്റുള്ളവരുടെ പിഴവുകൾ നിങ്ങളുടെ തലയിൽ വന്നു വീഴാനും സാമ്പത്തിക ബാധ്യതകൾ വന്നു ചേരാനും സാധ്യതയുണ്ട്. അനാവശ്യ ചിലവുകൾ കർശനമായി നിയന്ത്രിക്കുക.
അലച്ചിൽ, ഭാഗ്യക്കുറവ്, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും അകൽച്ചയും ഈ ആഴ്ചയിൽ നിങ്ങളെ അലട്ടിയേക്കാം. എന്നാൽ വിഷമിക്കേണ്ട, ആഴ്ചയുടെ അവസാനത്തോടെ രോഗശാന്തി, തൊഴിൽ നേട്ടങ്ങൾ, വരുമാന വർദ്ധനവ്, മനസ്സമാധാനം എന്നിവ നിങ്ങളെ തേടിയെത്തും.
പ്രത്യേകിച്ചും ജൂൺ 19, ജൂൺ 20, ജൂൺ 21ദിനങ്ങൾ യഥാക്രമം വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ, അന്നേ ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ ആഴ്ച സർക്കാർ, അർദ്ധസർക്കാർ മേഖലകളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഭാഗ്യം തെളിയുന്ന സമയമാണ്. സ്വപ്നത്തിലെ ജോലി ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവഴിക്കാനും അടുപ്പം വളർത്താനും ഈ ആഴ്ച അനുയോജ്യമാണ്. ബന്ധുജനങ്ങളുമായുള്ള സൗഹൃദം ദൃഢമാകുകയും സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. പഴയ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും ഈ ആഴ്ചയിൽ സംഭവിക്കാം.
ദീർഘകാലമായി പ്രണയത്തിലായിരുന്നവർക്ക് ഈ ആഴ്ച വഴിത്തിരിവാകാം. ചിലപ്പോൾ, വീട്ടുകാരുടെ എതിർപ്പുകൾ മാറി, ഇരു വീട്ടുകാരുടെയും അനുമതിയോടെ വിവാഹം നടത്താനുള്ള സാധ്യതയുണ്ട്. സഹോദരങ്ങൾ, അമ്മാവൻ തുടങ്ങിയ ബന്ധുക്കളിൽ നിന്ന് സാമ്പത്തിക സഹായമോ സമ്മാനങ്ങളോ ലഭിക്കാനുള്ള സാധ്യതയും ഈ ആഴ്ചയിലുണ്ട്.
വിദേശ യാത്രയുടെ സ്വപ്നം കണ്ടവർക്ക് ഈ ആഴ്ച അത് സാക്ഷാത്കരിക്കാനുള്ള അവസരം ലഭിക്കാം. തങ്ങളുടെ യോഗ്യതയ്ക്കും താൽപ്പര്യങ്ങൾക്കും അനുയോജ്യമായ ജോലി ലഭിക്കാനുള്ള സാധ്യതയും ഈ ആഴ്ചയിലുണ്ട്. ദാമ്പത്യ ജീവിതം കൂടുതൽ ഊഷ്മളമാകും, പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാനും പരസ്പരം കൂടുതൽ മനസ്സിലാക്കാനും ഈ ആഴ്ച അനുയോജ്യമാണ്. തൊഴിൽ രംഗത്ത് മികച്ച വിജയം കൈവരിക്കാനും മനസ്സിന് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ആഴ്ചയായിരിക്കും.
ധനുകൂറിലുള്ള പൂരാടം, ഉത്രാടം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, ഞായറാഴ്ച ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും. ജൂൺ 22 (ശനിയാഴ്ച) മൂലം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ, അന്നേ ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ വാരം, ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഴിവുകൾക്കും അറിവിനും അനുയോജ്യമായ ജോലി ലഭിക്കാനുള്ള അവസരങ്ങൾ തുറന്നിരിക്കുന്നു. ഇത് അവരുടെ കരിയറിലെ ഒരു വഴിത്തിരിവായി മാറിയേക്കാം.
ദീർഘകാലമായി കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതികൾക്ക് സന്തോഷവാർത്ത ലഭിക്കുന്ന സമയമാണിത്. ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഈ വാരം പുതിയൊരു തുടക്കം ലഭിക്കും. പരസ്പര ധാരണയും സ്നേഹവും വർദ്ധിക്കുന്നതിനുള്ള അവസരങ്ങളാണ് ഈ വാരം കൊണ്ടുവരുന്നത്.
ബിസിനസുകാർക്ക് അവരുടെ നിക്ഷേപങ്ങളിൽ നിന്ന് ഇരട്ടി ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്.
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് ഈ വാരം അംഗീകാരവും അഭിനന്ദനവും ലഭിക്കും. അവരുടെ സൃഷ്ടികൾക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും, പുതിയ അവസരങ്ങൾ തുറന്നു കിട്ടുകയും ചെയ്യും.
മനസ്സിൽ കരുതുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകുന്ന ഒരു അത്ഭുതകരമായ സമയമാണിത്. ഈ വാരം നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുകയും അവ യാഥാർത്ഥ്യത്തിലേക്ക് പറന്നുയരുകയും ചെയ്യും.
വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനുള്ള അവസരം ലഭിക്കും. അവരുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും, പുതിയൊരു രാജ്യത്തിന്റെ സംസ്കാരവും ജീവിതരീതിയും അനുഭവിച്ചറിയാനുമുള്ള അവസരമാണിത്. ഈ വാരം നിങ്ങൾക്ക് പ്രശസ്തിയും നല്ല ആരോഗ്യവും നിറഞ്ഞതായിരിക്കും
മകരക്കൂറിലുള്ള ഉത്രാടം, തിരുവോണം നക്ഷത്രക്കാർ ഞായറാഴ്ച ദിവസവും അവിട്ടം നക്ഷത്രക്കാർ തിങ്കളാഴ്ച ദിവസവും ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും..
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ ആഴ്ച നിങ്ങൾക്ക് ശത്രുക്കളിൽ നിന്ന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ശത്രുക്കളിൽ നിന്നുള്ള ശല്യം പ്രധാനമായും നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
അനാവശ്യ വാക്കുകൾ കാരണം കുടുംബാംഗങ്ങളുമായും സന്താനങ്ങളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും സന്താനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിസ്സാര കാര്യങ്ങളിൽ നിന്നായിരിക്കും.
ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകളിൽ ജാമ്യം നിൽക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അത് കേസ് വഴക്കുകൾക്ക് കാരണമാകുകയും വരുമാന നഷ്ടം, ജയിൽ ശിക്ഷ എന്നിവയ്ക്ക് വഴിവെക്കുകയും ചെയ്യും. സാമ്പത്തിക ഇടപാടുകളിൽ ജാമ്യം നിൽക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്നില്ലെങ്കിൽ വ്യക്തമായ കരാർ രേഖാമൂലം ഉണ്ടാക്കി സൂക്ഷിക്കുക.
ഏതെങ്കിലും തരത്തിലുള്ള കരാറുകളിൽ ഒപ്പിടേണ്ട അവസ്ഥ വന്നാൽ അതീവ ശ്രദ്ധയോടെ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഒപ്പുവെക്കുക. വിദേശയാത്ര ആഗ്രഹിക്കുന്നവർ വിസയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം.
ആമാശയം, ഉദരം എന്നിവിടങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടുന്നവർ കൃത്യസമയത്ത് മരുന്ന് കഴിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അസുഖം കൂടുതൽ വഷളാകാനും മാനസിക വിഷമതയ്ക്കും കാരണമാകും.
എന്നിരുന്നാലും ആഴ്ചാവസാനത്തോടെ കാര്യങ്ങൾ മാറിമറിയുകയും ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ക്ഷമയോടെയും വിവേകത്തോടെയും പ്രവർത്തിക്കുകയാണെങ്കിൽ ഈ പ്രതിസന്ധികളെ അതിജീവിക്കാനും വിജയിക്കാനും സാധിക്കും.
കുംഭക്കൂറിലുള്ള അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം വ്രതം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ വാരം ശാരീരികമായും മാനസികമായും അൽപം ക്ലേശം അനുഭവപ്പെടാനിടയുണ്ട്. തലവേദന, ക്ഷീണം, ഉറക്കക്കുറവ് തുടങ്ങിയ ശാരീരിക അസ്വസ്ഥതകളോടൊപ്പം, മനസ്സിൽ ആശങ്ക, അസ്വസ്ഥത, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്, അപകടസാധ്യത വർധിക്കും.
ശത്രുക്കൾ ദോഷകരമായി ബാധിക്കാൻ ശ്രമിച്ചേക്കാം, അവർ നിങ്ങളുടെ വിജയത്തിൽ അസൂയപ്പെട്ട് ചതിപ്രയോഗങ്ങൾ നടത്താൻ സാധ്യതയുണ്ട്. എന്നാൽ മനക്കരുത്തും, സാമർഥ്യവും ഉപയോഗിച്ച് ഈ പ്രതിസന്ധികളെ അതിജീവിക്കാൻ നിങ്ങൾക്ക് കഴിയും.
ജോലിയിൽ ചില തടസ്സങ്ങളും, കുടുംബാംഗങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങളും ഈയാഴ്ച നേരിടേണ്ടി വന്നേക്കാം. പ്രത്യേകിച്ചും, ജീവിതപങ്കാളിയുമായും മക്കളുമായും ഉള്ള ബന്ധങ്ങളിൽ ചില അസ്വാരസ്യങ്ങൾ അനുഭവപ്പെടാം. ആശയവിനിമയത്തിലെ അപാകതകളും, പരസ്പര ധാരണയില്ലായ്മയുമാകാം ഇതിന് കാരണം. ക്ഷമയോടെയും സൗമ്യതയോടെയും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.
മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ പോലും, നന്ദികേടിന്റെ ചില അനുഭവങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ നല്ല മനസ്സിനെ ചിലർ മുതലെടുക്കാൻ ശ്രമിച്ചേക്കാം. ജലം സംബന്ധിച്ച ചില ഭയങ്ങളും, ചില അപ്രതീക്ഷിത സംഭവവികാസങ്ങളും ഈയാഴ്ച ഉണ്ടാകാനിടയുണ്ട്. ഒരുപക്ഷേ ഒരു ചെറിയ അപകടമോ, അസുഖമോ ഉണ്ടായേക്കാം.
എന്നിരുന്നാലും, വാരാവസാനത്തോടെ കാര്യങ്ങൾ അനുകൂലമായി മാറും. സാമ്പത്തികമായി നേട്ടങ്ങളും, ജീവിത നിലവാരത്തിൽ പുരോഗതിയും, ജോലിയിൽ ഉയർച്ചയും പ്രതീക്ഷിക്കാം. ഒരു പുതിയ ജോലി ഓഫർ ലഭിക്കുകയോ, നിലവിലെ ജോലിയിൽ പ്രൊമോഷൻ ലഭിക്കുകയോ ചെയ്തേക്കാം. കുടുംബത്തിൽ സമാധാനവും സ്നേഹവും വർധിക്കും.
മീനക്കൂറിലുള്ള പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി വ്രതം അനുഷ്ഠിക്കുകയും ജപം ചെയ്യുകയും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുകയും ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V