യൂറോകപ്പിലെ സമനില മത്സരങ്ങൾക്ക് അപഖ്യാതിയായി ഓസ്ട്രിയ- നെതർലൻഡ് പോരാട്ടം. ഡച്ചുപ്പടയെ 3-2 ന് ഞെട്ടിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന് ഓസ്ട്രിയ. ഇതേ ഗ്രൂപ്പ് ഡിയിൽ പോളണ്ടുമായി സമനില പാലിച്ച് ഫ്രാൻസും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടുറപ്പിച്ചു.ഓസ്ട്രിയ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരുമായിട്ടാകും നോക്കൗട്ടിൽ ഏറ്റമുട്ടുക. തുർക്കിയോ ജോർജിയയോ ചെക്ക് റിപ്പബ്ലിക്കോ ആയിരിക്കും എതിരാളി. ആറാം മിനിട്ടിൽ ഡച്ച് മുന്നേറ്റ താരം ഡനിയൽ മലെന്റെ സെൽഫ് ഗോളോടെയാണ് മത്സരം ആരംഭിച്ചത്.
ശേഷിച്ച ഗോളുകളെല്ലാം രണ്ടാം പകുതിയിലാണ് പിറന്നത്. 47-ാം മിനിട്ടിൽ ഡച്ച് ഗാക്പോയിലൂടെ ഒപ്പമെത്തി. എന്നാൽ 59-ാം മിനിട്ടിൽ റൊമാനോ ഷ്മിഡിലൂടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. 75-ാം മിനിട്ടിൽ മെംഫിസ് ഡിപേയിലൂടെ സമനില പിടിച്ച ഡച്ചുപട ലീഡിനായി പൊരുതി കളിച്ചു. എന്നാൽ ഓസ്ട്രിയൻ പ്രതിരോധം വിലങ്ങുതടിയായി. അഞ്ചുമിനിട്ടിനിടെ സബിസ്റ്റർ നെതർലൻഡ്സിന്റെ നെഞ്ച് തുളച്ച് വിജയ ഗോളും നേടി.
അതേസമയം ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഫ്രാൻസിനെ പോളണ്ട് സമനിലയിൽ തളച്ചു. സൂപ്പർ താരങ്ങൾ ഗോൾ കണ്ടെത്തിയ മത്സരമായിരുന്നു ഇന്നലത്തേത്ത്. 56-ാം മിനിട്ടിൽ കിലിയൻ എംബാപ്പെ പെനാൽട്ടിയിലൂടെ ഫ്രാൻസിനെ മുന്നിലെത്തിച്ചപ്പോൾ പോളണ്ടിന്റെ മറുപടി നായകൻ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെയായിരുന്നു.
അതേസമയം കോപ്പ അമേരിക്കയിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്‌ത്തി അർജന്റീന ക്വാർട്ടറിൽ പ്രവേശിച്ചു. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിൽ 86-ാം മിനിട്ടിൽ ലൗട്ടാറോ മാർട്ടിനസാണ് നീലപ്പടയ്‌ക്കായി ലക്ഷ്യം കണ്ടത്. മെസി ആദ്യ ഇലവനിലുണ്ടായിരുന്നെങ്കിലും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ അർജന്റീനയ്‌ക്ക് സാധിച്ചില്ല.