ആലപ്പുഴ: തലവടിയിൽ ആൾതാമസമില്ലാത്ത വീടുകളിൽ മോഷണം. തലവടി സെന്റ് തോമസ് ഇവാഞ്ചിക്കൽ പള്ളിയിലും സമീപത്തെ ആൾതാമസമില്ലാത്ത വീടുകളിലുമാണ് മോഷണവും മോഷണ ശ്രമവും നടന്നത്.
വെള്ളപ്പൊക്കത്തെ തുടർന്ന് പൂട്ടിയിട്ടു പോയ വീട്ടിലാണ് മോഷണം നടന്നത്. അലമാര കുത്തി തുറന്ന് നാല് പവൻ സ്വർണം കവർന്നു. വീട് വൃത്തിയാക്കാനായി വീട്ടുകാരെത്തിയപ്പോൾ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. ഇതോടെയാണ് മോഷണ വിവരം ആളുകൾ അറിഞ്ഞത്. മറ്റ് വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
സെന്റ് തോമസ് ഇവാഞ്ചിക്കൽ പള്ളിയുടെ പ്രധാന വാതിലിന്റെ പൂട്ട് തല്ലി പൊളിച്ചാണ് മോഷണ ശ്രമം നടത്തിയിട്ടുള്ളത്. പള്ളിയിലെ മേശയും അലമാരയും തുറന്നിട്ട നിലയിലായിരുന്നു. എന്നാൽ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷണം പോയിട്ടില്ലെന്ന് പള്ളി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.