ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് സ്‌കോട്‌ലൻഡ്. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കങ്കാരുകളുടെ ജയം. സ്‌കോട്‌ലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിലും ഓസീസ് ജയിച്ചതോടെ ഇംഗ്ലണ്ട് സൂപ്പർ 8ന് യോഗ്യത നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലൻഡ് കരുത്തരായ ഓസ്ട്രേലിയയെ വിറപ്പിച്ചിരുന്നു. ആദ്യ ഓവറിൽ ഓപ്പണർ മൈക്കൽ ജോൺസ് (2) പുറത്തായെങ്കിലും പിന്നീട് ബ്രൻഡൻ – ജോർജ് മുൻസി സഖ്യം തകർത്തടിച്ചതോടെ സ്‌കോടിഷ് സ്‌കോർ കുതിച്ചു. ഇരുവരും ചേർന്ന് 89 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. ജോർജ് മുൻസി(35) പുറത്തായെങ്കിലും റിച്ചി ബെറിംഗ്ടണിനെ കൂട്ടുപിടിച്ച് ബ്രണ്ടൻ ക്രീസിൽ നിലയുറപ്പിച്ചു. പിന്നാലെ ബ്രണ്ടൻ(60), മാത്യൂ ക്രോസ് (18), മൈക്കൽ ലീസ്‌ക് (5) എന്നിവർ മടങ്ങി. പൊരുതിക്കളിച്ച നായകൻ റിച്ചി ബെറിംഗ്ടൺ (42*), ക്രിസ് ഗ്രീവ്‌സ് (9*) എന്നിവർ പുറത്താവാതെ നിന്നു. ഓസീസിനായി ഗ്ലെൻ മാക്‌സ്വെൽ രണ്ട് വിക്കറ്റ് നേടി.
മോശം തുടക്കമായിരുന്നു ഓസ്‌ട്രേലിയയ്‌ക്ക്. ഓപ്പണർ ഡേവിഡ് വാർണർ(1) വൺഡൗണായെത്തിയ മിച്ചൽ മാർഷ് (9) താളം കണ്ടെത്താനായില്ല. പിന്നാലെ ഗ്ലെൻ മാക്സ്വെല്ലും(11) മടങ്ങി. ട്രാവിസ് ഹെഡ്-മാർകസ് സ്റ്റോയിനിസ് സഖ്യമാണ് ഓസീസിനെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. 15 ഉം 16 ഉം ഓവറുകളിൽ ഹെഡും(68) സ്‌റ്റോയിനിസും(59) മടങ്ങി. പിന്നാലെ ക്രീസിലൊന്നിച്ച ടിം ഡേവിഡും (28*), മാത്യൂ വെയ്ഡും (4*) ചേർന്നാണ് ഓസീസിന് ജയമൊരുക്കിയത്.