മുംബൈ: ഗൗതം ഗംഭീർ ഇന്ത്യ പരിശീലകനാകുമെന്ന് ഉറപ്പായതോടെ സപ്പോർട്ടിംഗ് സ്റ്റാഫിന്റെ കാര്യത്തിലും മാറ്റങ്ങൾ വരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജോണ്ടി റോഡ്സ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീൾഡിംഗ് പരിശീലകനാകുമെന്ന് റിപ്പോർട്ട്. 2019ൽ താരം ഇതിന് അപേക്ഷിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. അന്ന് രവി ശാസ്ത്രിയുടെ ഇഷ്ടക്കാരനായ ആർ.ശ്രീധറിനെ ഒരിക്കൽ കൂടി ചുമതല ഏൽപ്പിക്കുകയായിരുന്നു.
റേവ് സ്പോർട്സ് ആണ് ജോണ്ടിയുടെ നിയമനം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 54കാരനായ ജോണ്ടി ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ ഫീൾഡിംഗ് കോച്ചാണ് ഇപ്പോൾ. തന്റെ താത്പ്പര്യത്തിനനുസരിച്ചുള്ള സപ്പോർട്ടിംഗ് സ്റ്റാഫ് വേണമെന്നുള്ള ഗംഭീറിന്റെ നിർദ്ദേശം ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ലക്നൗവിൽ ഗംഭീർ ജോണ്ടിക്കൊപ്പം രണ്ടു സീസണുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതാണ് ദക്ഷിണാഫ്രിക്കന്റെ വരവിന് കൂടുതലും സാധ്യത കല്പിക്കുന്നത്.
അങ്ങനെയെങ്കിൽ ടി ദിലീപിന്റെ കരാർ നീട്ടാൻ സാധ്യതയില്ല. ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോറും ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേയെയും ഒഴിവാക്കിയേക്കും. ടി20 ലോകകപ്പ് കഴിയുന്നതോടെ ഗംഭീർ ചുമതലയേറ്റെടുക്കും. പ്രഖ്യാപനം ജൂൺ അവസാനത്തോടെയുണ്ടാകും.