മുംബൈ: മഹാരാഷ്‌ട്ര സർക്കാരിന്റെ പുതുക്കിയ ആരോഗ്യ പദ്ധതിയായ മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യയോജന (ങഖജഖഅഥ) ജൂലൈയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പുതുക്കിയ MJPJAY സ്‌കീമിന് കീഴിൽ, ഒരു കുടുംബത്തിന് അനുവദിക്കുന്ന തുക 1.5 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
ഇൻഷുറൻസ് ദാതാവായി സംസ്ഥാനം അടുത്തിടെ യുണൈറ്റഡ് ഇന്ത്യ അഷ്വറൻസിനെ നിശ്ചയിച്ചിരുന്നു. ഒരു കുടുംബത്തിന് 1,300 രൂപ വീതം 12.3 കോടി കുടുംബങ്ങൾക്ക് സംസ്ഥാനം പ്രീമിയം നൽകും. ദരിദ്രരും നിരാലംബരുമായ രോഗികൾക്ക് പ്രയോജനം ചെയ്യുക എന്നതാണ് ഈ സർക്കാർ പദ്ധതിയുടെ ലക്ഷ്യം.
പൊതുജനാരോഗ്യ വകുപ്പിന് (PHD) കീഴിൽ 2,418 സ്ഥാപനങ്ങളുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമീണ ആശുപത്രികൾ, വനിതാ ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, സബ്ജില്ലാ ആശുപത്രികൾ, റഫറൽ സർവീസ് ആശുപത്രികൾ, കാൻസർ ആശുപത്രികൾ എന്നിവിടങ്ങളിൽ പൗരന്മാർക്ക് സൗജന്യ ചികിത്സ ലഭിക്കുമെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി പറഞ്ഞു.
നേരത്തെ, മഞ്ഞ റേഷൻ കാർഡ് ഉടമകൾ, അന്ത്യോദയ അന്ന യോജന റേഷൻ കാർഡ് ഉടമകൾ, അന്നപൂർണ റേഷൻ കാർഡ് ഉടമകൾ, ഓറഞ്ച് റേഷൻ കാർഡ് ഉടമകൾ എന്നിവരായിരുന്നു ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ 14 ജില്ലകളിലെ വെള്ള റേഷൻ കാർഡ് ഉടമകളായ കർഷക കുടുംബങ്ങളും ഇതിൽ ഉൾപ്പെടും.















