ഉയർന്ന വിദ്യാഭ്യാസമില്ല, ആകെ അറിയാവുന്ന തൊഴിൽ തയ്യൽ മാത്രം. എന്നാൽ ഇന്ന് മറാത്തി സാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് തുന്നൽക്കാരനായ ദേവിദാസ് സൗദാഗർ. മറാത്തി സാഹിത്യ ലോകത്തിന് നിരവധി പുസ്തകങ്ങളൊന്നും ദേവിദാസ് സമർപ്പിച്ചിട്ടില്ല. എന്നാൽ തയ്യൽക്കാരുടെ ജീവിത സാഹചര്യങ്ങൾ ഉൾപ്പെടുത്തി എഴുതിയ ‘ ഉസ്‌വൻ’ എന്ന നോവൽ ഇന്ന് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയിരിക്കുകയാണ്.
ഏഴാം ക്ലാസിൽ വച്ച് പഠിപ്പ് നിർത്തിയ ദേവിദാസ് പിന്നീട് തയ്യൽ മേഖലയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഈ മേഖലയിൽ തന്റേതായ സ്ഥാനം പിടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ കൊറോണ മഹാമരിയോടെ കാര്യമായ ജോലികൾ ഒന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. റെഡി-മെയ്ഡ് വസ്ത്രങ്ങളോടുള്ള ആളുകളുടെ വർദ്ധിച്ചു വരുന്ന പ്രിയവും തയ്യൽക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഈ ആശയത്തെ മുൻ നിർത്തിയാണ് ഉസ്‌വൻ എന്ന നോവൽ 2022ൽ എഴുതിയത്.
നോവലുമായി 10 പ്രമുഖ പബ്ലിഷർമാരെ സമീപിച്ചെങ്കിലും അവരെല്ലാം നിരസിക്കുകയായിരുന്നു. പിന്നീട് മുക്ത ഗോഡ്‌ബോലെ ദേശ്മുഖ് ആൻഡ് കമ്പനി ദേവിദാസിന്റെ ആഗ്രഹം നിറവേറ്റി. നോവലിന്റെ 500 കോപ്പികളാണ് അവർ അടിച്ചിറക്കിയത്. തുടർന്ന് രാജ്യമെമ്പാടുമുള്ള 23 സാഹിത്യകാർക്കൊപ്പം ദേവിപ്രസാദിനെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.
കടുത്ത ദാരിദ്ര്യത്താലാണ് പഠനം പാതി വഴിയിൽ നിർത്തേണ്ടി വന്നതെന്ന് ദേവിദാസ് പറയുന്നു. എന്നാൽ പിന്നീട് തയ്യൽക്കാരനായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം വിദൂര വിദ്യാഭ്യാസത്തിലൂടെ എംഎ പൂർത്തീകരിച്ചു. നോവൽ എഴുതുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഒരു കവിതയും പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.















