കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ചർച്ച പാർട്ടിയ്‌ക്കകത്ത് ഉണ്ടായിട്ടില്ലെന്ന് സിപിഎം നേതാവ് ജി സുധാകരൻ. കെ ശൈലജയുടെ പേര് പത്രത്തിൽ മാത്രം വന്നതാണെന്നും പിണറായി വിജയൻ ഉള്ളപ്പോൾ വേറെ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കേണ്ട എന്നും സുധാകരൻ പറഞ്ഞു. ഒരു വനിതാ മുഖ്യമന്ത്രി എന്നത് ഉടനെ ഒന്നും സിപിഎമ്മിൽ ചിന്തിക്കേണ്ട എന്ന് പറയാതെ പറയുകയാണ് സുധാകരൻ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് കെ കെ ശൈലജയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ അദ്ദേഹം തള്ളിപ്പറഞ്ഞത്.
“വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. കെ കെ ശൈലജയുടെ പേര് പത്രത്തിൽ വന്നതാണ്, പാർട്ടിയിൽ വന്നിട്ടില്ല. ഞാൻ ഉള്ളപ്പോഴൊന്നും പാർട്ടിയ്‌ക്കകത്ത് അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ല. അത് ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ പോലെ ഒരാൾ ഇവിടെയുള്ളപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയാകും എന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. അപ്പോൾ പിന്നെ ആ ചർച്ചയ്‌ക്ക് എന്താണ് പ്രസക്തി. പാർട്ടിയിൽ ഒരു രണ്ടാം നില വേണം, അതുണ്ട്. ഉചിതമായ ഒരു സമയത്ത് അത് വരും”.
“പാർട്ടിയെ പറ്റിയുള്ള അടിസ്ഥാനപരമായ അറിവ് വളരെ പ്രധാനമാണ്. അനുഭവങ്ങളും ഒരു പ്രധാന ഘടകമാണ്. അത് പിണറായി വിജയന് ഉണ്ട്. പ്രത്യശാസ്ത്രപരമായ അറിവ് പാർട്ടിയിൽ കുറഞ്ഞു വരുന്നുണ്ട്. അത് തിരുത്തണം, നേതാക്കളെ പഠിപ്പിക്കണം. എന്തെങ്കിലും കുത്തിനിറച്ചാൽ ഒരു നേതാവ് വരില്ല. എല്ലാം പഠിച്ച സമർത്ഥന്മാർ പുതുതലമുറയിൽ വരണം. അങ്ങനെയുള്ളവർ സിപിഎമ്മിൽ കുറവാണ്. അത് പരിഹരിക്കണം. പരിഹരിക്കാൻ ആണല്ലോ പ്രസ്ഥാനം, അത് പരിഹരിക്കും. പുതുതലമുറയിലെ ആൾക്കാർക്ക് പ്രത്യശാസ്ത്രപരമായ അറിവ് കുറവുണ്ട്”- ജി സുധാകരൻ പറഞ്ഞു.