വാഷിംഗ്ടൺ: ഉത്തരകൊറിയയ്‌ക്ക് ആയുധങ്ങൾ കൈമാറുമെന്ന പുടിന്റെ നിലപാടിൽ ആശങ്ക അറിയിച്ച് അമേരിക്ക. ഉത്തരകൊറിയയ്‌ക്കും ദക്ഷിണകൊറിയയ്‌ക്കും ഇടയിലുള്ള സ്ഥിതിഗതികൾ വഷളാക്കുന്ന നീക്കമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, ഇത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതുമായ നീക്കമാണെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് പുടിൻ ഉത്തരകൊറിയ സന്ദർശിച്ചത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധ ഉടമ്പടയിൽ ഇരുനേതാക്കളും ഒപ്പുവച്ചത്. റഷ്യ-യുക്രെയ്ൻ പോരാട്ടത്തിൽ റഷ്യയ്‌ക്ക് പൂർണ പിന്തുണ നൽകുമെന്നും കിം ജോങ് ഉൻ, പുടിനെ അറിയിച്ചിട്ടുണ്ട്. ഉത്തരകൊറിയയ്‌ക്ക് ആയുധങ്ങൾ കൈമാറുമെന്നത് വെറും ഊഹാപോഹം മാത്രമല്ലെന്നും, യുക്രെയ്‌ന് ആയുധങ്ങൾ കൈമാറുന്നതിന്റെ പ്രത്യാഘാതമാണെന്നും പുടിൻ പറഞ്ഞിരുന്നു.
എന്നാൽ ഇത് അവിശ്വസനീയമാണെന്നും, അങ്ങേയറ്റം ആശങ്കാജനകമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കമാണിതെന്നും, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണിതെന്നും മില്ലർ ചൂണ്ടിക്കാട്ടി. യുക്രെയ്‌ന് നേരെ ആക്രമണം നടത്താൻ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉത്തരകൊറിയ റഷ്യയ്‌ക്ക് കൈമാറിയെന്ന് അമേരിക്ക നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.
യുക്രെയ്‌ന് ആയുധങ്ങൾ കൈമാറുന്നത് സംബന്ധിച്ച് ഓരോ രാജ്യത്തിനും സ്വന്തമായി തീരുമാനങ്ങൾ ഉണ്ടെന്നും, റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌ന് ഏത് ഭാഗത്ത് നിന്നും ലഭിക്കുന്ന പിന്തുണയേയും സ്വാഗതം ചെയ്യുമെന്നും മില്ലർ അറിയിച്ചിട്ടുണ്ട്. അതേസമയം യുക്രെയ്‌ന് ദക്ഷിണകൊറിയ ഇനി ആയുധങ്ങൾ കൈമാറരുതെന്നും, കനത്ത തിരിച്ചടി ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.















