ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനനസമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ഇതും വായിക്കുക
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ വരുന്ന ആഴ്ച നിങ്ങളുടെ ജീവിതത്തിൽ ഒരു സുപ്രധാന വഴിത്തിരിവായി മാറാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കഴിവുകളും ശക്തിയും ശോഭയോടെ പ്രകടമാകുന്ന സമയമായിരിക്കും. ശത്രുക്കളെ കീഴടക്കുന്നതിനുള്ള അവസരങ്ങൾ ലഭിക്കും, അവരുടെ എതിർപ്പുകളെയും തടസ്സങ്ങളെയും അട്ടിമറി വിജയത്തോടെ നിങ്ങൾ മറികടക്കും.
തൊഴിൽ രംഗത്തും ബിസിനസ്സിലും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഈ സമയം അനുയോജ്യമാണ്. നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകയും, തൊടുന്നതെല്ലാം പൊന്നാകുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. മംഗളകാര്യങ്ങൾ നടക്കുന്നതിനാൽ കുടുംബാംഗങ്ങളുമായി ഒത്തുചേരാനും ആഘോഷിക്കാനുമുള്ള അവസരങ്ങൾ ലഭിക്കും. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കാനും ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ ആഴ്ച ഉചിതമാണ്. പരസ്പര ധാരണയും സ്നേഹവും വർദ്ധിക്കുകയും ഒരുമിച്ചുള്ള ജീവിതം കൂടുതൽ സന്തോഷകരമാക്കുകയും ചെയ്യും. നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കാനും സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങൾ അനുകൂലമായി തീരുകയും സാമ്പത്തിക സ്രോതസ്സുകൾ വർദ്ധിക്കുകയും ചെയ്യും.
ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണ ഈ ആഴ്ചയിൽ നിങ്ങൾക്ക് കരുത്തു പകരും. അവരുടെ സഹായവും പ്രോത്സാഹനവും നിങ്ങളുടെ വിജയത്തിന് വഴിയൊരുക്കും. എന്നാൽ വാരാന്ത്യത്തോട് അടുക്കുമ്പോൾ ശത്രുക്കളിൽ നിന്ന് ചെറിയ ഉപദ്രവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഒരിക്കൽ പരാജയപ്പെടുത്തിയ ശത്രുക്കളോട് യുദ്ധം അവസാനിപ്പിച്ചാലും യാതൊരു കാരണവശാലും സന്ധി ചെയ്യാൻ പാടില്ല. അവർ ചതി പ്രയോഗത്തിന് തക്കം പാർത്തിരിക്കുകയും വീണ്ടും അവസരം കിട്ടിയാൽ ആക്രമിക്കുകയും ചെയ്യും. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കുക. ഭക്ഷണത്തിൽ അമിതമായി ഏർപ്പെടുന്നത് ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. സ്വയം അല്ലെങ്കിൽ ജീവിതപങ്കാളിക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ വാരത്തെ മികച്ചതാക്കാൻ സമത്വത്തോടെ മുന്നോട്ട് പോകുക. നല്ല നിമിഷങ്ങൾ ആസ്വദിക്കുക, വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുക. ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ വിജയവും സന്തോഷവും നിറയ്ക്കുന്ന ഒന്നായി മാറും.
ശനിദേവൻ ഈ ആഴ്ചാവസാനത്തോടെ വക്രഗതിയിലേക്ക് പ്രവേശിക്കുന്നത് വരാനിരിക്കുന്ന നാലു മാസക്കാലം നിരവധി ശുഭകരമായ ഫലങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഈ കാലയളവിൽ ശത്രുക്കളുടെ മേൽ വിജയം, നിയമപരമായ തർക്കങ്ങളിൽ അനുകൂല തീരുമാനങ്ങൾ, സൽഗുണസമ്പന്നരായ സന്താനങ്ങളുടെ ജനനം, കുടുംബത്തിൽ ശുഭകരമായ സംഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന അവിവാഹിതർക്ക് ഈ സമയം ഏറെ അനുകൂലമാണ്. കൂടാതെ, സന്താനങ്ങളില്ലാത്ത ദമ്പതികൾക്ക് സന്താനസംബന്ധമായ ചികിത്സകളിൽ വിജയം കൈവരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ചിങ്ങക്കൂറിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ വാരം ആരംഭത്തിൽ ചെറിയ ചില പ്രതിസന്ധികൾ നിങ്ങളെ വെല്ലുവിളിച്ചേക്കാം. പ്രധാനമായും ആരോഗ്യപരമായും സാമ്പത്തികമായും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. എന്നാൽ, ഈ പ്രശ്നങ്ങൾ താൽക്കാലികം മാത്രമാണ്. ഈ കാലയളവിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക, വാഹന യാത്രകൾക്ക് വളരെ ശ്രദ്ധ വേണം, വാഹനാപകടങ്ങളുടെ സാധ്യത ഉണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാം.
വാരം മുന്നോട്ട് പോകുമ്പോൾ, സന്തോഷകരമായ മാറ്റങ്ങൾ ജീവിതത്തിൽ പ്രകടമാകാൻ തുടങ്ങും. കുടുംബത്തിൽ സൗഖ്യവും ഐക്യവും നിറയും. വളരെക്കാലമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയും ചെയ്യും. പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും അവരുടെ സഹായവും പിന്തുണയും ലഭിക്കാനും ഈ സമയം അനുകൂലമാണ്. രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കാനും ഈ ആഴ്ച സഹായിക്കും. സ്ത്രീകളുമായി ബന്ധം ശക്തിപ്പെടുകയും അവരുടെ സ്നേഹവും പിന്തുണയും ലഭ്യമാകുകയും ചെയ്യും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആഴ്ച വളരെ അനുകൂലമാണ്. അനുയോജ്യമായ വിവാഹാലോചനകൾ വന്നുചേരുകയും സ്വപ്നം കണ്ടതുപോലുള്ള ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും.
ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് സ്കോളർഷിപ്പുകൾ ലഭിക്കാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഈ സമയം അനുയോജ്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കുകയും അവരുടെ മാനസികാവസ്ഥയിൽ പുരോഗതി കൈവരിക്കാനും സാധിക്കും. ഓരോ കാര്യത്തിലും സൂക്ഷ്മതയും ആത്മവിശ്വാസവും നിലനിർത്തിയാൽ, ജീവിതം എല്ലാ വശങ്ങളിലും മെച്ചപ്പെടുന്നതായി അനുഭവപ്പെടും. ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും സന്തോഷകരവും സമൃദ്ധവുമായ ഒരു ജീവിതം നയിക്കുകയും ചെയ്യുക.
ശനിദേവൻ വക്രഗതിയിലാകുന്ന ഈ ജൂൺ മാസ അവസാനത്തോടെ, സ്വത്ത് തർക്കങ്ങൾ, സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കാർഷിക മേഖലയിലെ ചില തിരിച്ചടികൾ എന്നിവ ചിലർക്ക് അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും, ജാതകത്തിൽ ശനി ഉച്ചസ്ഥിതിയിലുള്ളവർക്ക് മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിച്ച് പുരോഗതി കൈവരിക്കാനുള്ള അനുകൂല സമയമാണിത്.
കന്നിക്കൂറിലുള്ള ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ വാരം വെല്ലുവിളികളും വിജയവും നിറഞ്ഞതായിരിക്കും. തുടക്കം ചില വെല്ലുവിളികൾ നിറഞ്ഞതായിരിക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളും ചിലപ്പോൾ വാക്കേറ്റങ്ങളും ഉണ്ടായേക്കാം. ഈ സാഹചര്യങ്ങൾ നിങ്ങളെ വ്യക്തിപരമായി വളർത്തുകയും കൂടുതൽ പക്വതയുള്ള വ്യക്തിയായി മാറ്റുകയും ചെയ്യും. ജീവിതത്തിലെ വെല്ലുവിളികളിൽ നിന്ന് പഠിക്കാനും വളരാനും കഴിയുമെന്നും ഓർക്കുക. ഈ അനുഭവങ്ങൾ ജീവിതത്തിൽ ഉൾക്കാഴ്ച നൽകുന്നവയായി മാറും.
ഉറക്കമില്ലായ്മ, ദുസ്വപ്നങ്ങൾ, പെട്ടെന്നുള്ള ഞെട്ടിയുണരൽ എന്നിവ ഉണ്ടായേക്കാം. മനസ്സിൽ അകാരണമായ ഭയം തോന്നുകയും മാനസികമായി അസ്വസ്ഥതയും അനുഭവപ്പെടാം. ശാരീരികമായി ചില അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യതയുണ്ട്, പ്രത്യേകിച്ച് ദഹനക്കേട്, ഛർദ്ദി എന്നിവ. ഈ ദിവസങ്ങളിൽ ആരോഗ്യത്തിലും ഭക്ഷണത്തിലും വളരെ ശ്രദ്ധ കൊടുക്കുക. എന്നാൽ വാരം മധ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. ശത്രുക്കളിൽ നിന്ന് മോചനം ലഭിക്കുകയും ദാമ്പത്യത്തിൽ ഐക്യം വർദ്ധിക്കുകയും ചെയ്യും. നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം വഴി ഗുണാനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. മാന്യതയും അംഗീകാരവും ലഭിക്കും. മനസ്സമാധാനവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ അനുഭവിക്കാൻ കഴിയും. പുതിയ തൊഴിൽ അവസരങ്ങൾ വന്നുചേരും. നിലവിലുള്ള ജോലിയിലോ ബിസിനസ്സിലോ വിപുലീകരണം നടത്താനും സാധ്യതയുണ്ട്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാം. ഇഷ്ടപ്പെട്ട പങ്കാളിയുമായി കൂടുതൽ അടുക്കാനും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനും അവസരം ലഭിക്കും. ഉല്ലാസയാത്രകൾക്കോ തീർത്ഥാടനത്തിനോ പോകാൻ സാധിക്കും.
വളരെക്കാലമായി അനുഭവിച്ചു വന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം ലഭിക്കും. നല്ല ഉറക്കവും ഭക്ഷണസുഖവും ലഭിക്കും. സമൂഹത്തിൽ ഉയർന്ന പദവിയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ വാരം പല തരത്തിലും പരീക്ഷിക്കും. എന്നാൽ ഓരോ വെല്ലുവിളിയും ഒരു പുതിയ അവസരം തുറന്നു തരും. ഈ വാരം നിങ്ങൾ നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനും വിജയം കൈവരിക്കാനും ആവശ്യമായ ശക്തിയും നിങ്ങൾക്കുണ്ട്. ഈ വാരം പഠിക്കുന്ന പാഠങ്ങൾ ജീവിതത്തിൽ വളരെ ഉപകാരപ്പെടും.
ശനിദേവൻ വക്രഗതിയിലാകുന്ന ഈ ആഴ്ചാവസാനത്തോടെ അടുത്ത നാലു മാസത്തേക്ക് മാതാവിനോ മാതൃ ബന്ധുക്കൾക്കോ കഷ്ടകാല സമയമാണ്. എന്നാൽ ഈ സമയത് ജനിക്കുന്ന കുട്ടികൾക്ക് വിദ്യയിൽ ഉന്നതി, കുടുംബത്തിൽ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടാവുകയും ചെയ്യും.
തുലാകൂറിലുള്ള ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
ഇതും വായിക്കുക
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ ആഴ്ച വ്യക്തിജീവിതത്തിലും കരിയറിലും വളർച്ചയ്ക്കും പുരോഗതിക്കും ഉള്ള അവസരങ്ങൾ നൽകുന്ന ഒന്നായിരിക്കും. എന്നാൽ ആരോഗ്യകാര്യങ്ങളിലും യാത്രകളിലും ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഈ വരുന്ന ആഴ്ച വ്യക്തിത്വത്തിന്റെയും കഴിവുകളുടെയും ശക്തിയും തിളക്കവും വെളിപ്പെടുന്ന ഒന്നായിരിക്കും.
നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളുടെ മാനസിക ധൈര്യത്തെയും പക്വതയെയും ചിന്താശേഷിയെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. മുൻപ് നിങ്ങളെ തെറ്റിദ്ധരിച്ചവരോ നിങ്ങളെ കുറ്റപ്പെടുത്തിയവരോ നിങ്ങളുടെ കഴിവുകൾക്ക് മുന്നിൽ തലകുനിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങൾക്കു സംശയിച്ചിരുന്നവരും അംഗീകരിക്കാതിരുന്നവരും നിങ്ങളുടെ സത്യസന്ധതയെ അംഗീകരിക്കുന്ന അവസ്ഥ സംജാതമാകും.
ദാമ്പത്യ ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് സാധ്യതയുണ്ട്. തെറ്റിദ്ധാരണകൾ മൂലമോ മറ്റു കാരണങ്ങളാലോ വേർപിരിഞ്ഞുപോയ ജീവിതപങ്കാളി തിരിച്ചുവരാനും പശ്ചാത്തപിക്കാനും സാധ്യതയുണ്ട്. വേർപിരിയൽ പാതയിൽ നിൽക്കുന്ന ദമ്പതികളെ ഒരുമിപ്പിക്കാൻ പറ്റിയ സമയം ആണ്. സന്താനങ്ങളുടെ കാര്യത്തിലും ജീവിതപങ്കാളിയുടെ കാര്യത്തിലും ഉണ്ടായിരുന്ന വ്യാകുലതകൾ മാറി സന്തോഷനിമിഷങ്ങൾ അനുഭവപ്പെടും. ഈശ്വരവിശ്വാസം വർദ്ധിക്കുന്നതിനൊപ്പം ശാരീരികമായും മാനസികമായും കൂടുതൽ ഊർജ്ജസ്വലത അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസത്തോടെ മുന്നേറാനും കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാനും കഴിയും. നിങ്ങളുടെ കഴിവുകളും നേട്ടങ്ങളും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ആത്മവിശ്വാസവും കഠിന പ്രയത്നവും കൊണ്ട് പല ആപത് ഘട്ടങ്ങളും തരണം ചെയ്ത്, നിങ്ങളിൽ നിന്നും മറ്റുള്ളവർക്ക് പ്രചോദനം ലഭിക്കും.
എന്നാൽ, ആഴ്ചയുടെ അവസാനത്തോടെ നിങ്ങളുടെ മാതാവിനോ മാതൃ ബന്ധുക്കൾക്കോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവരുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഈ സമയത്ത് ആശുപത്രിവാസം വേണ്ടിവന്നേക്കാം. യാത്രകൾ നടത്താനുള്ള സാഹചര്യം ഉണ്ടാകുമെങ്കിലും അപകട സാധ്യത കൂടുതലായതിനാൽ വളരെ ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും അതീവ ജാഗ്രത പാലിക്കുക. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാം. ഈ വാരം നിങ്ങളുടെ മനശക്തിയും ആത്മവിശ്വാസവും പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണ്. ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനും വിജയം കൈവരിക്കാനും നിങ്ങൾക്ക് കഴിയും. ഈ വാരം നിങ്ങൾ കൈവരിക്കുന്ന വിജയങ്ങൾ നിങ്ങളെ വരും ദിവസങ്ങളിൽ കൂടുതൽ പ്രചോദിതരാക്കും.
ശനിദേവൻ വക്രഗതിയിലാകുന്ന ഈ ജൂൺ മാസ അവസാനത്തോടെ സഹോദരങ്ങളിൽ നിന്നുള്ള ഗുണാനുഭവങ്ങൾ, സന്താനങ്ങളുടെ നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.
വൃശ്ചികകൂറിലുള്ള വിശാഖം നക്ഷത്രക്കാർ വെള്ളിയാഴ്ചയും അനിഴം, തൃക്കേട്ട നക്ഷത്രക്കാർ ശനിയാഴ്ചയും ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V