ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകിയ ആചാര്യ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് അന്തരിച്ചു. 86 വയസായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. അന്ത്യകർമങ്ങൾ വാരാണസിയിലെ മണികർണിക ഘട്ടിൽ നടക്കും.
ജനുവരി 22ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നപ്പോൾ ആചാരാനുഷ്ഠാനങ്ങൾക്കായി 121 വേദ പണ്ഡിതന്മാരടങ്ങുന്ന സംഘത്തെ നയിച്ചത് ആചാര്യ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതായിരുന്നു. വാരാണസിയിലെ മുതിർന്ന വേദപണ്ഡിതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. മഹാരാഷ്‌ട്രയിലെ സോളാപൂരിലാണ് ജനിച്ചതെങ്കിലും വർഷങ്ങളായി വാരാണസിയിലാണ് ആചാര്യ ലക്ഷ്മികാന്തും കുടുംബവും കഴിഞ്ഞിരുന്നത്.
ആചാര്യ ദീക്ഷിതിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. ദീക്ഷിതിന്റെ വിയോഗം സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ആത്മീയ-സാഹിത്യ ലോകത്ത് ലക്ഷ്മികാന്ത് ദീക്ഷിതിന് പകരം വയ്‌ക്കാൻ മറ്റൊരാളില്ലെന്ന് യുപി മുഖ്യമന്ത്രിയും പ്രതികരിച്ചു. സംസ്കൃത ഭാഷയ്‌ക്കും ഇന്ത്യൻ സംസ്കാരത്തിനും ദീക്ഷിത് ജി നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.