ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമാണം 2025 മാർച്ചോടെ പൂർത്തീകരിക്കുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി. ക്ഷേത്രത്തിന്റെ രണ്ടും മൂന്നും നിലകളുടെ നിർമ്മാണം ഈ വർഷത്തോടെ പൂർത്തീകരിക്കുമെന്നും അറിയിച്ചു. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ഇക്കാര്യം പറഞ്ഞത്.
ഒന്നാം നിലയുടെ നിർമ്മാണം അടുത്ത മാസം അവസാനത്തോടെ പൂർത്തീകരിക്കും. രണ്ടാം നിലയുടെ നിർമ്മാണം ഈ വർഷം ഡിസംബറിൽ പൂർത്തീകരിക്കുമെന്നും നൃപേന്ദ്ര മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിലെ ശില്പങ്ങൾ നിർമ്മിക്കാനുള്ള മാർബിൾ രാജസ്ഥാനിൽ നിന്നുള്ളതാണ്. ഇതിനായി നാല് ശില്പികളെ തിരഞ്ഞെടുക്കാൻ ട്രസ്റ്റ് തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാമകഥ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അതിനായി ചില പ്ലാനുകൾ ഉണ്ടെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. ടൂറിസം വകുപ്പ് രാമകഥയെ കുറിച്ചുള്ള സിനിമ നിർമ്മിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15-നുള്ളിൽ ചിത്രം പുറത്തുവിടും. ഹനുമാന്റെ ജീവിതത്തെ ആസ്പദമാക്കിയും ഒരു ചിത്രം നിർമ്മിക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
2024 ജനുവരി 22-നാണ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. ക്ഷേത്രം തുറന്നതിന് ശേഷം ഇതുവരെ 1.75 കോടിയിലധികം ഭക്തരാണ് രാമക്ഷേത്രം സന്ദർശിച്ചത്. പ്രതിദിനം ഒരു ലക്ഷം ഭക്തരെങ്കിലും ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ഇത് രണ്ട് കോടിയിലേക്ക് എത്തുമെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു.