ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനാണ് രാഷ്ട്രപതി പാർലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, സ്പീക്കർ ഓംബിർള എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്യ താൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കുമെന്നും തെരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം സുപ്രധാനമായിരുന്നുവെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യത്തെ പ്രസംഗമാണിത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെൻ്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.